തകർന്ന റോഡുകളിൽ പരിശോധന; വിജിലൻസ്​ ക്രമക്കേട്​ കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ മൂന്ന്​ പ്രധാന റോഡുകളുടെ നിർമാണത്തിൽ അപാകതകളുണ്ടെന്ന്​ വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴ - മധുര റോഡ്, എ.എസ് കനാൽ റോ‍ഡ്, ആലപ്പുഴ പിച്ചു അയ്യർ ജങ്​ഷൻ - മുല്ലക്കൽ ജങ്​ഷൻ റോഡ് എന്നിവയുടെ നി‍ർമാണമാണ് വിജിലൻസ് പരിശോധിച്ചത്. ആലപ്പുഴ - മധുര റോഡിൽ നിർമാണത്തിനായി വേണ്ടത്ര സാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്ന്​ കണ്ടെത്തി. മുഹമ്മ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള 12 കിലോമീറ്ററിൽ അഞ്ചു കിലോമീറ്ററോളം ഭാഗത്താണ് ക്രമക്കേട് കണ്ടെത്തിയത്. ബണ്ട് ഉൾപ്പെടെ അഞ്ചു കിലോമീറ്റർ ഭാഗത്ത് റോഡ് തകർന്നതിന്​ കാരണം വേണ്ടത്ര സാമഗ്രികൾ ഉപയോഗിക്കാത്തതാണെന്നാണ് വിജിലൻസിന്റെ നിഗമനം. പുതുതായി നിർമിച്ച എ.എസ് കനാൽ റോഡിന്റെ കുറച്ചുഭാഗം പൊട്ടിപ്പൊളിഞ്ഞെന്നും കണ്ടെത്തി. ഈ ഭാഗത്ത് മൈനർ ഇറിഗേഷൻ വകുപ്പ് മണ്ണ് നീക്കിയതാണ് റോഡ് തകരാൻ കാരണമെന്നാണ് കരുതുന്നത്. റോഡ് നിർമാണം ശരിയായി ആസൂത്രണം ചെയ്തില്ലെന്നും സംശയമുണ്ട്. ആലപ്പുഴ വൈ.എം.സി.എ - പിച്ചു അയ്യർ ജങ്​ഷൻ റോഡിന്റെ നവീകരണം പൂർത്തിയാക്കാനുള്ള സമയം നീട്ടിനൽകിയതിന്റെ സാഹചര്യം എന്തെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നിർദിഷ്ട അളവിൽ സാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. മൂന്ന് റോഡുകളുടെയും നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികളുടെ സാമ്പിളുകൾ പരിശോധനക്കെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഹരിപ്പാട്ടെ ഗുണനിലവാര നിയന്ത്രണ ലബോറട്ടറിയിൽ പരിശോധിക്കും. അതു കഴിഞ്ഞേ കൃത്യമായ വിവരങ്ങൾ ലഭിക്കൂ എന്നും സർക്കാറിനുണ്ടായ നഷ്ടം എത്രയെന്നും നിശ്ചയിക്കാനാകൂ എന്നും വിജിലൻസ് അധികൃതർ പറഞ്ഞു. വിജിലൻസ് ഡി.വൈ.എസ്​.പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐമാരായ വി. സുനിൽകുമാർ, ആർ. രാജേഷ്‌കുമാർ, ജസ്റ്റിൻ ജോർജ്, പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലക്ഷ്മി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.