കക്കി ഡാം തുറക്കല്‍; ജില്ലയില്‍ മുന്നൊരുക്കം

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കി. കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ക്രമീകരണങ്ങള്‍ വിലയിരുത്തി. ഡാം തുറന്നാല്‍ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ, തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുനിസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് കൂടുതലായി ഉയരാന്‍ ഇടയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫിസുകള്‍ക്കും ജാഗ്രത നിര്‍ദേശം നൽകുകയും പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി എന്‍.ഡി.ആര്‍.എഫിനെ വിന്യസിച്ചു. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി.എബ്രഹാം, അഗ്നിരക്ഷ സേന, ഫിഷറീസ്, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ എന്നിവയുടെ ജില്ല മേധാവികള്‍, ചെങ്ങന്നൂര്‍, കുട്ടനാട് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.