നഷ്ടപ്രതാപം അയവിറക്കി കുത്തിയതോട്

അരൂർ: തിരക്കൊഴിഞ്ഞ തോടും കടകൾ ഒഴിയുന്ന ചന്തയും കുത്തിയതോടിനെ മൂകമാക്കുന്നു. അരൂർ മേഖലയിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായിരുന്നു കുത്തിയതോട്. ജലഗതാഗതം സജീവമായിരുന്ന രാജഭരണകാലം മുതൽ പതിറ്റാണ്ടുകൾക്ക്​ മുമ്പുവരെ കുത്തിയതോട്, താലൂക്കിലെ തന്നെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. എറണാകുളം തലയോലപ്പറമ്പ് വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പച്ചക്കറികളും പലവ്യഞ്ജനങ്ങളും കേവ് വള്ളങ്ങളിൽ ഇവിടെ എത്തിക്കുമായിരുന്നു. കടലോരങ്ങളിൽനിന്നുപോലും ചെറുവള്ളങ്ങളിൽ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരെത്തുമായിരുന്നു. നാട്ടിൻപുറങ്ങളിലെ ചെറുകർഷകർ ഉൽപാദിപ്പിക്കുന്ന ചക്കയും മാങ്ങയും കാച്ചിലും കപ്പയും വിൽക്കാൻ ചന്തയിൽ കൊണ്ടുവരുമായിരുന്നു. രണ്ട് ലോറിയിൽ കയറ്റാവുന്ന സാധനങ്ങളാണ് വലിയ കേവുവള്ളങ്ങളിൽ കൊണ്ടുവന്നിരുന്നത്. നിരവധി വള്ളങ്ങൾ ദിവസേന ഇവിടെ എത്തുമായിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും കച്ചവടം നടത്താനെത്തുന്നവരും വള്ളക്കാരും ചുമട്ടുകാരും വാഹനങ്ങളുമെല്ലാം കുത്തിയതോടിനെ, ചേർത്തല താലൂക്കിലെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമാക്കി. റോഡ് ഗതാഗതം സജീവമായതോടെ ജലഗതാഗതത്തെ പൂർണമായും അവഗണിച്ചത് കുത്തിയതോടിന്റെ പ്രതാപത്തെയാണ് ഇല്ലാതാക്കിയത്. കുത്തിയതോട്ടിലൂടെ ചരക്ക് ഗതാഗതം ഒഴിഞ്ഞതോടെ, തോട് അവഗണിക്കപ്പെട്ടു. പായലും ചെടികളും വളർന്ന് ഗതാഗതം അസാധ്യമായി. ജലഗതാഗതത്തെ പുനരുജ്ജീവിപ്പിക്കുവാൻ സർക്കാറുകളും പഞ്ചായത്തുകളും ശ്രമിച്ചതുമില്ല. എല്ലാം കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ പഞ്ചായത്തുകളിലാകെ കൂണുപോലെ മുളച്ചതോടെ കുത്തിയതോട് പൂർണമായും അവഗണിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.