കാലാവസ്ഥ പ്രതികൂലം; പട്ടിണിയിലും ദുരിതത്തിലും മത്സ്യത്തൊഴിലാളികൾ

ആറാട്ടുപുഴ: കടൽ പ്രക്ഷുബ്​ധമായതിനെ തുടർന്ന്​ തൊഴിലെടുക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലും. ട്രോളിങ് നിരോധനം അവസാനിച്ച ജൂലൈ 31ന്​ അർധരാത്രിക്കുശേഷം ഹാർബറുകളിൽനിന്ന്​ നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും പണിക്കുപോയെങ്കിലും കാലാവസ്ഥ പ്രതികൂലമാണെന്ന അറിയിപ്പ് ലഭിച്ചതോടെ എല്ലാവരും തിരികെ പോന്നു. സാമാന്യം മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ്​ അതെല്ലാം ഉപേക്ഷിച്ചത്​. തിരികെ എത്താൻ വൈകിയ യാനങ്ങൾ ഏറെ സാഹസപ്പെട്ടാണ് തീരമണഞ്ഞത്. ചില ബോട്ടുകൾ അപകടത്തിൽപെടുകയും ചെയ്തു. പിന്നീട് ഇതുവരെ കടൽ അടങ്ങാത്തതിനാൽ പണിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. തെർമോകോൾ വള്ളങ്ങൾക്ക് കടൽ പ്രക്ഷുബ്​ധമാകുന്നതിന് മുമ്പ്​ ഞണ്ടും തെരണ്ടിയും മാന്തലും പൊടിമീനും ലഭിച്ചിരുന്നു. കടൽ പ്രക്ഷുബ്​ധമായതോടെ ഇവരും കരക്കിരിപ്പായി. ഈ വർഷം മാത്രം 62 ദിവസമാണ് കാലാവസ്ഥ മുന്നറിയിപ്പ് മൂലം പണിക്ക് പോകാൻ കഴിയാതെ വന്നത്​. പട്ടിണി മാറ്റാനെങ്കിലും അടിയന്തര സഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.