ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിക്കുന്നു; തീരത്ത്​ പ്രതിഷേധം

അമ്പലപ്പുഴ: സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതിൽ തീരമേഖലയിൽ പ്രതിഷേധം. ട്രോളിങ്​ നിരോധന കാലയളവിൽ ഇത്തരത്തിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 15 സെന്‍റീമീറ്ററിൽ താഴെ വലുപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പൊങ്ങുവള്ളക്കാർ വ്യാപകമായി പിടിക്കുന്നത്. ഇതിന് സർക്കാറും ഫിഷറീസ് വകുപ്പും ഏർപ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യബന്ധനം നടത്തുന്നത്. കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്രോളിങ്​ നിരോധനം ഏർപ്പെടുത്തിയത്. യന്ത്രവത്​കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കുമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്കു മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പൊങ്ങുവള്ളക്കാർ വ്യാപകമായാണ് 15 സെന്‍റീമീറ്ററിൽ താഴെ വലുപ്പമുള്ള അയലക്കുഞ്ഞുങ്ങളെ പിടികൂടിയത്​. ഒരുകൊട്ട ചെറിയ അയലക്ക് 400 രൂപ മാത്രമായിരുന്നു വില. എന്നാൽ, ഒരുമാസം കഴിഞ്ഞ് ട്രോളിങ്​ നിരോധനം അവസാനിക്കുമ്പോൾ ഇത്തരം ചെറിയ അയല ഒരു കൊട്ടക്ക് 40,000 രൂപ വില വരും. ഈ രീതിയിൽ ചെറുമത്സ്യങ്ങളെ കൂടുതലായി ഇപ്പോൾ പിടിച്ചാൽ ട്രോളിങ്​ നിരോധനം കഴിയുമ്പോൾ കടലിൽ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിനെതിരെ നിരവധി പരാതി നൽകിയിട്ടും ഫിഷറീസ് വകുപ്പ് കർശന നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരദേശ പൊലീസിന്‍റെ ഭാഗത്തുനിന്ന്​ നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പുലർച്ച മൂന്നു മുതൽ പൊങ്ങുവള്ളക്കാർ പിടികൂടുന്ന ഇത്തരം ചെറുമത്സ്യങ്ങൾ റോഡരികിലിട്ടാണ് വിൽപന നടത്തുന്നത്. പരാതി വ്യാപകമായതോടെ പൊലീസെത്തി ഇത്തരം വിൽപനക്കാരെ പറഞ്ഞുവിട്ടു. അടുത്ത ദിവസം മുതൽ ഇത്തരം മത്സ്യബന്ധനം കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ മത്സ്യസമ്പത്ത് വർധിക്കുന്നതിൽ കുറവുണ്ടാകുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. ഫോട്ടോ: കഴിഞ്ഞ ദിവസം പൊങ്ങുവള്ളങ്ങളില്‍ പിടിച്ചെടുത്ത ചെറിയ മീനുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.