എഴുപുന്നയിലെ ഗ്രാമീണ റോഡുകൾ തകർന്നു

എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകൾ തകർന്നിട്ട് വർഷങ്ങൾ. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്​. ശ്രീനാരായണപുരം - കണ്ടേക്കാട്ട് റോഡ്, ശ്രീനാരായണപുരം - മുക്കുടിത്തറ റോഡ് എന്നീ റോഡുകൾ കഴിഞ്ഞ പത്ത് വർഷമായി ഒരു നിർമാണ പ്രവർത്തനങ്ങളുമില്ലാതെ തകർന്ന് കിടക്കുകയാണ്. റെയിൽവേ ഗേറ്റുകൾ തകരാറിലാകുന്ന സമയങ്ങളിൽ എഴുപുന്ന നിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന റോഡുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ശ്രീനാരായണപുരം - കണ്ടേക്കാട്ട് റോഡുകളുടെ നിർമാണം സർക്യൂട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി 2020ൽ കരാറെടുത്തെങ്കിലും രണ്ട് വർഷമായിട്ടും നിർമാണം തുടങ്ങിയിട്ടില്ല. 16ാം വാർഡിലെ ശ്രീനാരായണപുരം - മുക്കുടിത്തറ റോഡ് പട്ടികജാതി വിഭാഗത്തിൽപെട്ടവർ മാത്രം തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനരികിലെ റോഡ്. ജനറൽ ഫണ്ടില്ലെങ്കിൽ പട്ടികജാതി ഫണ്ട് വിനിയോഗിച്ച് നിർമാണം നടത്തണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണം നടക്കാത്തതിന് പിന്നിൽ സി.പി.എമ്മിന്‍റെ വ്യക്തിവിരോധമുണ്ടെന്ന് ജെ.എസ്.എസ് വാർഡ് സെക്രട്ടറി ദാസൻ മുക്കുടിത്തറ പറഞ്ഞു. 200 മീറ്ററുള്ള റോഡിന്‍റെ ആദ്യവും അവസാനവും ചെയ്യാതെ നടുഭാഗത്തുനിന്ന് 50 മീറ്റർ പുതിയ ഒരു റോഡ് സ്ഥാപിച്ച് സി.പി.എം പ്രവർത്തകന് മാത്രം വഴി നൽകിയെന്നും ദാസൻ പറഞ്ഞു. 12ാം വാർഡിലെ കോങ്കേരി - കൂവക്കാട്ട് റോഡ് പൊളിച്ചിട്ടിട്ട് വലിയ മെറ്റൽ മാത്രം നിരത്തിയിട്ടിരിക്കുന്നു. മൂന്നു മാസമായി ഒരു വർക്കും നടന്നിട്ടില്ല. മൂന്നാം വാർഡിലെ റോഡാണ് ശ്രീനാരായണപുരം - കണ്ടേക്കാട്ട് റോഡ്. 10 വർഷമായി കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്നു. ശ്രീനാരായണപുരം ക്ഷേത്രത്തിലേക്ക് നാഷനൽ ഹൈവേയിൽനിന്ന് എത്താവുന്ന എളുപ്പമാർഗം. റെയിൽവേ ഗേറ്റ് പണിമുടക്കുമ്പോൾ എഴുപുന്നക്കാർക്ക് ഹൈവേയിലെത്താൽ റെയിൽവേ അണ്ടർ പാസുള്ള ഏക റോഡ്. സർക്യൂട്ട് ടൂറിസത്തിന്‍റെ ഭാഗമായി അരൂർ മണ്ഡലത്തിൽ എടുത്ത 21 റോഡുകളിൽ ഒന്നാണിത്​. കരാറുക്കാർ 2020ൽ ടെൻഡർ എടുത്തെങ്കിലും ഒരു തുടർ നടപടിയുമില്ല. കരാറുകാരെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ജെ.എസ്.എസ് ഏരിയ സെക്രട്ടറി റെജി റാഫേൽ ആവശ്യപ്പെട്ടു. ജെ.എസ്.എസ് പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് മന്ത്രിക്ക്​ പരാതി നൽകി. പ്രസിഡന്‍റ്​ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ്, പി. കുമാരൻ, ദാസൻ, ജോണി, ഫർഖാൻ, മനേഷ്, ശശി, ആനന്ദൻ, റോജി, അബീഷ്, ജോമി, ഷാജി എന്നിവർ സംസാരിച്ചു. ചിത്രം : സഞ്ചാരയോഗ്യമല്ലാതായ കോങ്കേരി - കൂവക്കാട്ട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.