എ.ടി.എം കാർഡ് തട്ടിയെടുത്ത് ലക്ഷങ്ങൾ അപഹരിച്ചു

മാന്നാർ: ചെന്നിത്തലയിൽ ജോലിക്കാരൻ വീട്ടുടമയുടെ എ.ടി.എം കാർഡ്​ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. സംഭവത്തിൽ പത്തനംതിട്ട പന്തളം തുമ്പമൺ മുട്ടം മുറിയിൽ പോയികോണത്ത് കൃഷ്ണഭവൻ വീട്ടിൽ രാജേഷ് നായരെ(42) പൊലീസ്​ പിടികൂടി. ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്ണൻ തമ്പിയുടെ എസ്.ബി.ഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് 2,85,000 രൂപ തട്ടിയെടുത്തത്. വിദേശത്ത് ജോലിയായിരുന്ന രാധാകൃഷ്ണൻ തമ്പി പക്ഷാഘാതം മൂലം സുഖമില്ലാതെ നാട്ടിലെത്തി ഒറ്റക്ക് താമസിക്കുകയാണ്. സഹായത്തിനായിട്ടാണ് മാവേലിക്കരയിലുള്ള ഹോം നഴ്സിങ്‌ ഏജൻസി വഴി രാജേഷ് നായരെ ജോലിക്കായി നിർത്തിയത്. വീട്ടാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് പണം എടുക്കാനും മറ്റും പോയിരുന്നത് ജോലിക്കാരനായ രാജേഷ് നായരായിരുന്നു. അങ്ങനെ എ.ടി.എം പിൻനമ്പർ പ്രതിക്ക് അറിയാമായിരുന്നു. കഴിഞ്ഞദിവസം ബാങ്കിലെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. 2022 ജൂൺ മൂന്ന് മുതൽ ജൂൺ 17ആം തീയതിവരെയുള്ള ദിവസങ്ങളിൽ പലതവണയായിട്ടാണ് അക്കൗണ്ടിൽനിന്ന് പണം എടുത്തിട്ടുള്ളത്. പണം നഷ്ടപ്പെട്ടത് അറിഞ്ഞയുടൻ വീട്ടുടമ മാന്നാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ അഭിരാം, അനിൽകുമാർ, ഗ്രേഡ് എസ്.ഐ ബഷീറുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജഗദീഷ്, സൂരജ് വനിത സിവിൽ പൊലീസ് ഓഫിസർ സ്വർണരേഖ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.