രേഖകളില്ലാതെ സർവിസ്; ഹൗസ്​ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴ: രേഖകളില്ലാതെ സർവിസ്​ നടത്തുന്ന ഹൗസ്​ബോട്ടുകൾ പിടിച്ചെടുത്ത്​​ തുറമുഖ വകുപ്പ്​. വെള്ളിയാഴ്ച രേഖകളില്ലാതെ കായൽകുരിശ്ശടി ജെട്ടിയിൽ യാത്രക്കാരെ കയറ്റാൻ കാത്തുകിടന്ന ഹൗസ്​ബോട്ട്​ തുറമുഖ വകുപ്പ്​ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരും ഉടമയും ജീവനക്കാരുമായി നേരിയ വാക്കേറ്റവും ബഹളവുമുണ്ടായി. സർവേയും രജിസ്​ട്രേഷനും പൂർത്തിയാക്കാത്ത 14 ഹൗസ്​ബോട്ടിന്​​ കഴിഞ്ഞദിവസം തുറമുഖ വകുപ്പ്​ നോട്ടീസ്​ നൽകിയിരുന്നു. ഇതിൽ നാല് ഹൗസ്​ബോട്ട്​ മാത്രമാണ് യാർഡിൽ എത്തിച്ചത്​. മറ്റ് ഹൗസ്​ബോട്ടുകൾ സർവിസ് നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ്​ പിടിച്ചുകെട്ടാൻ തീരുമാനിച്ചത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ നേരത്തേ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയ ​ഹൗ​സ്​ബോട്ട്​ സഞ്ചാരികളെ കാത്തുകിടക്കുകയായിരുന്നു. യാത്രക്കാരുമായി സർവിസ് നടത്താൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉടമയെ അറിയിച്ചതോടെ​ തർക്കവും വാക്കേറ്റവുമുണ്ടായി​. ​ഉടമക്ക് പിന്തുണയുമായി മറ്റ് ഹൗസ്​ബോട്ടുകാർ കൂടി എത്തിയതോടെ ബഹളമുണ്ടായി. തുടർന്ന്​ പൊലീസിനെ വിളിച്ചുവരുത്തിയാണ്​ ബോട്ട്​ പിടിച്ചെടുത്തത്​. ടൂറിസം പൊലീസും സ്ഥല​ത്ത്​ എത്തിയിരുന്നു. പിന്നീട്​ ഉടമയുടെ ഉടമസ്ഥതയിൽ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു ഹൗസ്​ബോട്ടിൽ യാത്രക്കാരെ കയറ്റി യാത്രനടത്താൻ അനുമതി നൽകി. എന്നാൽ, പരിശോധനയിൽ ഈ ബോട്ടിനും രേഖകളില്ലെന്ന്​ കണ്ടെത്തിയതോടെ വീണ്ടും ബഹളമായി. എന്നാൽ, ബോട്ടിൽ കയറിയവരെ ഇറക്കിവിട്ട്​ നടപടിയെടുക്കാൻ​ തടസ്സമായതിനാൽ ശനിയാഴ്ച യാർഡിൽ എത്തിക്കണമെന്ന നിർദേശം നൽകി ഉദ്യോഗസ്ഥർ മടങ്ങി. നോട്ടീസ്​ നൽകിയ ഹൗസ്​ബോട്ടുകൾ ഹാജരാക്കിയില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച്​ പിടിച്ചെടുക്കാനും നിർദേശം നൽകി​. അതേസമയം, സഞ്ചാരികൾക്ക് അനിഷ്ടമുണ്ടാകുന്ന രീതിയുള്ള പരിശോധനയുണ്ടായതാണ്​ തർക്കത്തിന്​ ഇടയാക്കി​യതെന്നാണ്​ ആക്ഷേപം. കോവിഡിൽ തളർന്ന മേഖലയിൽ ലക്ഷങ്ങൾ മുടക്കിയുള്ള ലൈസൻസ് പുതുക്കൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതായി​ ഉടമകൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.