ജില്ലയിലേക്ക്​ സിന്തറ്റിക് ലഹരിയൊഴുക്ക്

ആലപ്പുഴ: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്ന്​ കടത്തും കേസുകളും വൻതോതിൽ വർധിക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത മാരക മയക്കുമരുന്നുകളാണ് ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പിടികൂടിയത്. പിടിക്കുന്നതിന്‍റെ ഇരട്ടിയാകും വിൽക്കുന്നതെന്നാണ്​ എക്​സൈസ്​ വകുപ്പ്​ കണക്കാക്കുന്നത്​. കഞ്ചാവ്​ കേസുകളായിരുന്നു മുമ്പ്​ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. വീര്യംകൂടിയയിനം മയക്കുമരുന്നുകളാണ്​ ഇപ്പോൾ പിടികൂടുന്നതിലേറെയും. യുവാക്കളാണ്​ ഉപയോഗത്തിലും കച്ചവടത്തിലും മുന്നിൽ. എം.ഡി.എം.എ (മെത്തലീൻ ഡയോക്സിമെതാംഫിറ്റമിൻ) എന്ന മാരക മയക്കുമരുന്നാണ് പിടികൂടുന്നതിലേറെയും. കൊച്ചിയുടെ സമീപപ്രദേശങ്ങളായ ജില്ലയുടെ വടക്കൻ മേഖലകളിലാണ്​ എം.ഡി.എം.എ കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ജില്ലയുടെ എല്ലാ ഭാഗത്തും വിൽപന സജീവമായി​. ബംഗളൂരുവിൽനിന്നാണ് കേരളത്തിലേക്ക്​ ഇത് വരുന്നത്. ട്രെയിനും ആഡംബര ബസുകളും കടത്താനായി ഉപയോഗിക്കുന്നുണ്ട്. റിസോർട്ടിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപന നടത്തിയ 11 പേർ ഹരിപ്പാട്ട് പിടിയിലായത്​ ആഴ്ചകൾ മുമ്പാണ്​. പ്രതിക​ൾ എല്ലാവരും 25 വയസ്സിൽ താഴെയുള്ളവരാണ്​. ഗ്രാമിന് 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയാണ് വിൽപന. കായംകുളം രാമപുരത്ത് 17ന് 75 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ബുധനാഴ്ച കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിന്​ മുന്നിൽനിന്ന്​ നവദമ്പതികളാണ്​ 70 ഗ്രാം എം.ഡി.എം.എയു​മായി പൊലീസ്​ പിടിയിലായത്​. ജില്ലയിൽ ഏറ്റവും കൂടുതൽ അളവിൽ എം.ഡി.എം.എ പിടികൂടിയത് പൂച്ചാക്കലിൽനിന്നാണ്. നാളുകൾ മുമ്പ്​ 140 ഗ്രാമാണ് കണ്ടെടുത്തത്​. മുതുകുളത്തും ആലപ്പുഴയിലും അമ്പലപ്പുഴയിലും യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായിട്ടും അധികനാളായിട്ടില്ല. പിടിയിലാകുന്നതിൽ അധികവും ചെറിയ കച്ചവടക്കാരാണ്. ജില്ലയിൽ കഞ്ചാവ് കേസുകളും വർധിക്കുകയാണ്​. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ട ജില്ലയിൽ എരമല്ലൂരിലായിരുന്നു. 125 കിലോ കഞ്ചാവുമായി ഹൈടെക് ലോറിയിൽനിന്ന്​ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ആന്ധ്രയിൽനിന്ന്​ കഞ്ചാവും ഹഷീഷ് ഓയിലും അടക്കം വിവിധ മയക്കുമരുന്നുകൾ മറ്റു ലോഡുകൾക്കൊപ്പം കടത്തുന്നതായിരുന്നു ഇവരുടെ രീതി. പല കേസിലും പിടിയിലായ പ്രതികൾക്ക്​ വൻ സ്വാധീനവും സാമ്പത്തിക സഹായവും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്​. പ്രമുഖ അഭിഭാഷകരാണ് ഇവർക്കായി കേസുകളിൽ ഹാജരാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.