അറബിക് സർവകലാശാല: സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം -ആക്​ഷൻ കൗൺസിൽ

കടയ്ക്കൽ: കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്ന വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശിപാർശ ചെയ്ത അറബിക് സർവകലാശാല സ്ഥാപിക്കുന്നതിൽ നിഷേധ നിലപാട് തുടരുന്നത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽനിന്ന് അറബിക് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും അറബിക്​ കോഴ്‌സുകൾ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.എ. സമദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ.എം.എസ്. മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ട്രഷറർ തേവലക്കര അലിയാരുകുഞ്ഞ് മൗലവി, കേരള സർവകലാശാല അറബിക്​ വിഭാഗം മുൻ തലവൻ ഡോ.എ. നിസാറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.