തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയാറാക്കിയത്.

പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയാറാക്കിയത്‌. വോട്ടര്‍പട്ടിക കമീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനക്ക് ലഭ്യമാണ്.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടബോര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്‌ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു.

Tags:    
News Summary - Local Government Elections: Final Voter List Published; 2.84 Crore Voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.