കോഴിക്കോട്: 1994ൽ കേരള പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നശേഷം ഇത്തവണ സംവരണ വാർഡുകളിലുണ്ടായത് റെക്കോഡ് വർധന. 1995 മുതലുള്ള ആറു പൊതുതെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കുമില്ലാത്ത സംവരണമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുള്ളത്. വാർഡ് പുനർവിഭജനത്തോടെ സംസ്ഥാനത്ത് 1,375 വാർഡുകൾ വർധിച്ചതോടെയാണ് സംവരണവും കൂടിയത്. ആകെയുണ്ടായിരുന്ന 15,962 വാർഡുകൾ പുനർവിഭജനത്തോടെ 17,337 ആയി ഉയർന്നു.
ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ 2267 ആയി ഉയർന്നിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഡിവിഷനുകൾ 331 ൽ നിന്ന് 346 ആയും മുനിസിപ്പാലിറ്റി വാർഡുകൾ 3,113ൽ നിന്ന് 3241 ആയും കൂടി. കോർപറേഷനുകളിൽ 414 വാർഡുകൾ 421 ആയി. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികജാതി, പട്ടികവർഗ സ്ത്രീ, പട്ടികവർഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിച്ചത്. സ്ത്രീകൾക്ക് ഓരോ തദ്ദേശസ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ ആനുപാതികവുമായാണ് സംവരണം. ഇപ്പോൾ 8852 വാർഡുകൾ സ്ത്രീ സംവരണമാണ്. പട്ടികജാതി സംവരണം 1759 ഉം. 783 വാർഡുകൾ പട്ടിക ജാതി സ്ത്രീകൾക്കുള്ളതാണ്. 289 പട്ടിക വർഗ സംവരണത്തിൽ 121പട്ടികവർഗ സ്ത്രീകൾക്കുള്ളതാണ്.
2267 ബ്ലോക്ക് ഡിവിഷനുകളിൽ 1152 എണ്ണം സ്ത്രീ സംവരണമാണ്. ഇതിൽ 82 പട്ടികജാതി സ്ത്രീകളും 12 പട്ടികവർഗ സ്ത്രീകളും ഉണ്ട്. 346 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 177 എണ്ണമാണ് വനിതകൾക്ക്. ഇതിൽ 19 പേർ പട്ടികജാതിക്കാരും രണ്ടുപേർ പട്ടിക വർഗക്കാരുമാണ്. 3241 മുനിസിപ്പാലിറ്റി വാർഡുകളിൽ 1643 എണ്ണമാണ് സ്ത്രീകൾക്ക് മാറ്റിവെച്ചത്. 130 എണ്ണം പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കുള്ളതാണ്. 421 കോർപറേഷൻ വാർഡുകളിൽ 211 സ്ത്രീ സംവരണം. ഇതിൽ 15 പട്ടികജാതി സ്ത്രീകൾക്ക്. കോർപറേഷനിൽ പട്ടിക വർഗ സ്ത്രീകൾക്ക് സംവരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.