കാട്ടുപന്നികളെ കൊല്ലൽ: സർക്കാറിനെതിരെ മനേക ഗാന്ധി

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രിക്ക് അവർ കത്തയച്ചു. ഇതിന് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രന്‍ നിർദേശം നല്‍കി.

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡന്‍റെ അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് ഓണറി വൈൽഡ് ലൈഫ് വാ‍ർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്നും വനംമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റും ദുരിതത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

Tags:    
News Summary - Local bodies power to kill wild boar: Maneka Gandhi opposes government decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.