വയനാട്​ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ: പറ്റില്ലെങ്കില്‍ പറ്റില്ല എന്ന് പറയാനുള്ള ആർജവമെങ്കിലും കേന്ദ്ര സർക്കാർ കാണിക്കണം -ഹൈകോടതി

കൊച്ചി: ദുരന്ത നിവാരണ നിയമത്തിൽനിന്ന്​ ബന്ധപ്പെട്ട വകുപ്പ്​ ഒഴിവാക്കിയെന്ന പേരിൽ വയനാട്ടിലെ ഉരുൾ​പൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട്​ ആവശ്യപ്പെടാനാവില്ലെന്ന​ കേ​ന്ദ്ര നിലപാടിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം.

കേന്ദ്ര സർക്കാറിന്​ ഇങ്ങനെ നിലപാട്​ സ്വീകരിക്കാനാവില്ല. ഭരണഘടനയുടെ 73ാം അനുഛേദ പ്രകാരം എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച്​ ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന്​ കഴിയും. വായ്പ എഴുതിത്തള്ളുമോയെന്നാണ്​ കോടതിക്ക്​ അറിയേണ്ടത്​. ഇക്കാര്യത്തിൽ മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു.

വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തിനോടും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോടും (എൻ.ഡി.എം.എ) ഏപ്രിൽ 10ന് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിന്​ വ്യവസ്ഥയില്ലെന്ന്​ എൻ.ഡി.എം.എ സത്യവാങ്മൂലം നൽകി. ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരമാണ് വായ്പ എഴുതിത്തള്ളിയിരുന്നത്. 2025ലെ നിയമ ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയെന്നും എൻ.ഡി.എം.എ ബോധിപ്പിച്ചു. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്​.

ഇതിനെയാണ്​ കോടതി വിമർശിച്ചത്​. കേന്ദ്ര സർക്കാറിന്​ വലിയ അധികാരമുള്ള ഫെഡറൽ സ്വഭാവമുള്ള രാജ്യത്ത്​ ഇത്തരമൊരു നിലപാട്​ സ്വീകരിക്കരുത്​. ദുരന്ത നിവാരണ നിയമത്തിന്‍റെ ഭാഗമായല്ലാതെതന്നെ ബാങ്കുകൾക്ക്​ നിർദേശം നൽകാൻ കേന്ദ്രത്തിന്​ അധികാരമുണ്ട്​. അത്​ തങ്ങൾ പ്രയോഗിക്കാത്തതാണെന്ന്​ പറയാനുള്ള ആർജവമെങ്കിലും കാണിക്കണം. നിയമപ്രകാരം തങ്ങൾക്ക്​ ഇതിന്​ ശേഷിയില്ലെന്ന ഒഴികഴിവ്​ പറഞ്ഞ്​ ഓടിയൊളിക്കാനാവില്ല. ഇല്ലെങ്കിൽ സർക്കാർ അശക്തരാണെന്ന് പറയേണ്ടിവരുമെന്നും കോടതി പറഞ്ഞു.

സർക്കാറിന്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരമുണ്ടെങ്കിലും ഇത്​ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായിട്ടാകണമെന്ന്​ അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. അല്ലെങ്കിൽ കോടതിയുടെ നിർദേശമുണ്ടാകണം. സർക്കാറിനായി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്ന് വിഷയം വീണ്ടും ജൂലൈ നാലിന്​ പരിഗണിക്കാൻ മാറ്റി. 

Tags:    
News Summary - Loan waiver for Wayanad disaster victims: High Court says Union Government cannot evade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.