ലൈഫ് മിഷന്‍ ക്രമക്കേട്: വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തു. വിജിലൻസ് സംഘം തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ശിവശങ്കര്‍ നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണുള്ളത്. ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.

ലൈഫ് മിഷൻ ക്രമക്കേട് കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യംചെയ്യുകയാണ്. ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ജയിലിലെത്തി. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ ആറ്, ഏഴ്, എട്ട് പ്രതികളാണ്. സ്വപ്ന സുരേഷ് അടക്കമുള്ളവർ പദ്ധതിയിലൂടെ 4.5 കോടിയോളം രൂപ കമ്മീഷനായി തട്ടിയെന്നായിരുന്നു പരാതി.

ലൈഫ് മിഷൻ ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐയും അന്വേഷിക്കുകയാണ്. പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്‍റുമായി മാത്രമാണ് സർക്കാർ കരാർ ഉണ്ടാക്കിയതെന്നിരിക്കെ യുണിടാക്കിന് ഉപകരാർ നല്‍കിയത് എങ്ങനെ എന്നാണ് സി.ബി.ഐ പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണത്തിന് കോടതി താൽക്കാലികമായി സ്റ്റേ പ്രഖ്യാപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.