എം.വി. ഗോവിന്ദൻ

പത്മകുമാർ കുറ്റക്കാരനാണോയെന്ന് കോടതി പറയട്ടെ; നടപടി അപ്പോൾ നോക്കാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ കുറ്റക്കാരനാണോ എന്ന് കോടതി പറയട്ടെയെന്നും അപ്പോൾ പാർട്ടി നടപടി നോക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇപ്പോൾ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. ഹൈകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ പാർട്ടി ആദ്യമേ സ്വാഗതം ചെയ്തതാണ്. അത് പൂർത്തിയാകട്ടെ.

അപ്പോൾ പരിശോധിച്ച് നടപടിയെടുക്കാം. എൽ.ഡി.എഫ് ഏൽപിച്ച ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ചയോ, തെറ്റോ പറ്റിയിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അയ്യപ്പന്‍റെ ഒരുതരി സ്വർണംപോലും നഷ്ടമാവാത്ത തരത്തിൽ അന്വേഷണവും നടപടിയും ഉണ്ടാവണം. നിലവിലെ അന്വേഷണം വേണ്ടെന്നും സി.ബി.ഐ അന്വേഷണം മതിയെന്നുമാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. അക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭ സമ്മേളനമടക്കം അവർ തടസപ്പെടുത്തി. ഇപ്പോൾ അറസ്റ്റിലാവരെ നോക്കുമ്പോൾ സർക്കാർ അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് മനസ്സിലാവും.

ഉണ്ണികൃഷ്ണൻ പോറ്റി മുതൽ അറസ്റ്റിലായ പലരും കോൺഗ്രസ് ബന്ധമുള്ളവരാണെന്ന് മാധ്യങ്ങൾ തന്നെ ചൂണ്ടിക്കാട്ടി. അവിടെയും ഞങ്ങൾ രാഷ്ട്രീയം നോക്കിയിട്ടില്ല. ആരെയും സംരക്ഷിക്കാനില്ല. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയിൽ പാർട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ല. എന്നും വിശ്വാസികൾക്കൊപ്പമാണ് പാർട്ടി. സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടിയാവില്ല- അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ കുടുതൽ സുതാര്യമാക്കാനാണ് കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്‍റാക്കിയത്. മതനിരപേക്ഷ ഉള്ളടക്കത്തോടെ കേരളത്തിന്‍റെ വികസനം പറഞ്ഞാണ് വോട്ട് തേടുക.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സി.പി.എം നൽകിയ ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും. ആരുടെയും വോട്ട് നഷ്ടമാവാതിരിക്കാൻ വാർഡ് തലത്തിൽ സ്ക്വാഡ് പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Let the court decide if Padmakumar is guilty -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.