തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയിലെ പുലിപ്പല്ല് സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവ് തേടി വനംവകുപ്പ്. വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷം സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുന്ന കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. തൃശൂർ ഡി.എഫ്.ഒയുടെ കീഴിലെ റേഞ്ച് ഓഫിസറാണ് കേസ് അന്വേഷിക്കുന്നത്.
പരാതിക്കാരനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പരാതിക്കാരന്റെയടുത്ത് കൂടുതൽ തെളിവുകളുണ്ടെങ്കിൽ അത് ശേഖരിക്കും. ശേഷമേ തുടർനടപടിയുണ്ടാകൂ. സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് അയക്കുമെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
റാപ്പർ വേടനെ എറണാകുളത്ത് കഞ്ചാവുകേസിൽ അറസ്റ്റ് ചെയ്തപ്പോൾ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെയാണ് സുരേഷ് ഗോപിയുടെ മാലയിലെ പുലിപ്പല്ലും വിവാദമായത്. തുടർന്ന് വാടാനപ്പള്ളി സ്വദേശിയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ, കേസ് അന്വേഷിക്കേണ്ടത് വനംവകുപ്പാണെന്നാണ് പൊലീസ് മറുപടി നൽകിയത്. ഇതോടെ ഹാഷിം ജൂൺ 16ന് തൃശൂർ ഡി.എഫ്.ഒക്ക് പരാതി നൽകി. ഈ പരാതിയിലാണ് അന്വേഷണം. തൃശൂരിലും കണ്ണൂരിലുമുള്ള പരിപാടികളിൽ സുരേഷ് ഗോപി പങ്കെടുക്കുമ്പോൾ പുലിപ്പല്ല് മാല ധരിച്ചിരിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും കൈമാറിയിരുന്നു.
പരാതിക്കാരന്‍റെ മൊഴിയെടുത്തശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. അതേസമയം, വനംവകുപ്പ് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് ഹാഷിം ‘മാധ്യമ’ത്തോട് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.