തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന, കേരളീയനെന്ന് തെളിയിക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്കാൻ സർക്കാർ തീരുമാനം. നേറ്റിവിറ്റി കാര്‍ഡിന് നിയമ പിന്‍ബലം നല്കുന്ന ബില്‍ അടുത്ത 24ന് നിയമസഭയുടെ പരിഗണനക്ക് എത്തും. കരട് ബില്ലിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ അവതരിപ്പിക്കുന്ന അതേ ദിവസം തന്നെ സബ്ജക്ട് കമ്മിറ്റി ചേർന്ന് പരിശോധന നടത്തി വീണ്ടും സഭയിലെത്തിച്ച് അതിവേഗത്തിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ നിയമസാധുത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൗരത്വ രേഖകള്‍ കേന്ദ്രം കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കേരളീയര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത്. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കുന്ന, സ്ഥിരതാമസം തെളിയിക്കുന്നതിനുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റാണ് നിലവിൽ റവന്യൂ വകുപ്പ് നൽകുന്നത്. ഇതിന് പകരമാണ് നിയമപ്രാബല്യമുള്ള സ്ഥിരം നേറ്റിവിറ്റി കാര്‍ഡെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
റേഷന്‍ കാര്‍ഡ്, ചികിത്സ ആവശ്യം തുടങ്ങി വിലാസം തെളിയിക്കാനുള്ള നിയമപ്രകാരമുള്ള രേഖയായി കാര്‍ഡ് ഉപയോഗിക്കാനാകും.
ഒരാളുടെ അച്ഛനോ അമ്മയോ കേരളീയരായിരിക്കണമെന്ന വ്യവസ്ഥയിലാണ് കാര്‍ഡ് അനുവദിക്കുന്നത്. ‘നേറ്റീവ്’ എന്നാല്‍ കേരളത്തില്‍ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ, തങ്ങളുടെ പൂര്‍വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയില്ല. നേറ്റിവിറ്റി കാര്‍ഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം കാര്‍ഡ് അസാധുവാകും. തൊഴില്‍, ജീവനോപാധി തുടങ്ങിയ കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിനു പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവർ) നേറ്റീവ് ആയി കണക്കാക്കും.
കാര്‍ഡ് അനുവദിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് തഹസിൽദാറാണ്. എന്നാല്‍ നേറ്റിവിറ്റി കാര്‍ഡ് രജിസ്റ്റര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസില്‍ സൂക്ഷിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.