പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)

നിയമസഭ തെരഞ്ഞെടുപ്പ്: ജനമനസ്സ് ആർക്കൊപ്പം?

പ്രചാരണവഴിയിലെ പോരാട്ടച്ചൂടിന്റെ പകലിരവുകൾക്ക് അന്ത്യം. 48 മണിക്കൂറിനപ്പുറം കേരളം ചുവടുവെക്കും, വോട്ടെടുപ്പ് ഉത്സവത്തിലേക്ക്. ജില്ലാതല  മണ്ഡലങ്ങളിലെ മനസ്സുവായിച്ച ‘മാധ്യമം ലേഖകർ’ ആ കണക്ക് നിരത്തുന്നു. അതിങ്ങനെ...

നില തെറ്റാൻ ഇടയില്ല

കാസർകോട് 

കാസർകോട്ടെ അഞ്ചു മണ്ഡലങ്ങളിൽ എൽ.ഡി.എഫ് (മൂന്ന്)-യു.ഡി.എഫ് (രണ്ട്) എന്ന പതിവുനില തുടർന്നേക്കും. മഞ്ചേശ്വരം ബി.ജെ.പി പിടിക്കുമോ, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ അട്ടിമറിക്കുമോ, ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫിന് മുൻതൂക്കം നൽകിയ ഉദുമ അത് ആവർത്തിക്കുമോ എന്നതൊക്കെയാണ് ഉറ്റുനോക്കുന്നത്. മഞ്ചേശ്വരത്ത് ഇക്കുറിയും ബി.ജെ.പി- യു.ഡി.എഫ് മത്സരമാണ്. എസ്.ഐ.ആറിൽ ഏറ്റവും കൂടുതൽ വോട്ട് തള്ളിയത് ബി.ജെ.പി പോക്കറ്റുകളിലാണ്. അതിന്റെ പകുതിയേ യു.ഡി.എഫ് നഷ്ടമായിട്ടുള്ളൂ. ചേർക്കുന്നതിലും യു.ഡി.എഫ് തന്നെ മുന്നിൽ. മഞ്ചേശ്വരത്തെ ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവ് ഫലം ഇപ്പോഴേ വിളിച്ചുപറയുന്നു. യു.ഡി.എഫിന്റെ എ.കെ.എം. അഷ്റഫും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും തമ്മിലാണ് മത്സരം.

കാസർകോട് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.എൽ. അശ്വിനിയും മുസ്‍ലിം ലീഗ് ജില്ല പ്രസിഡൻറ് കല്ലട മാഹിൻ ഹാജിയും തമ്മിലാണ് പ്രധാന മത്സരം. പഴയ കോൺഗ്രസുകാരനായ പാദൂർ കുഞ്ഞാമുഹാജിയുടെ മകൻ ഷാനവാസ് പാദൂർ യു.ഡി.എഫിന്റെ വോട്ടുകൾ ചോർത്തിയേക്കാം. എന്നാൽ, വിജയം മാറിമറിയാൻ സാധ്യത കുറവാണ്. അട്ടിമറി പ്രതീക്ഷിച്ച മണ്ഡലം ഉദുമയാണ്. സി.പി.എം-കോൺഗ്രസ് നേതൃനിരയിലെ പ്രമുഖരായ സി.എച്ച്. കുഞ്ഞമ്പുവും കെ. നീലകണ്ഠനുമാണ് ഏറ്റുമുട്ടുന്നത്. ലോക്സഭയിലും തദ്ദേശത്തിനും യു.ഡി.എഫിന് ലഭിച്ച മേൽക്കൈക്ക് നിയമസഭ വഴി രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാൻ യു.ഡി.എഫ് ശ്രമം നടത്തുന്നു. എന്നാൽ, പ്രചാരണരംഗത്ത് അത് പ്രകടമായിട്ടില്ല. വോട്ടിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായില്ലെങ്കിൽ ഉദുമ ഇടതിനൊപ്പം തുടർന്നേക്കും.

കാഞ്ഞങ്ങാട് സി.പി.ഐയുടെ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിലും കേരള കോൺഗ്രസ് ജന. സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിയും തമ്മിലുള്ള മത്സരത്തിൽ എൽ.ഡി.എഫ് മുന്നിലാണ്. തൃക്കരിപ്പൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫിന്റെ സന്ദീപ് വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇടതുപക്ഷത്തിന്റെ സുസ്ഥിരമായ രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുലക്കാൻ സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ സംഘടിച്ച് സർക്കാറിന് എതിരായ അന്തർധാരയായാൽ ഫലങ്ങളിൽ മാറ്റം ഉറപ്പ്.

തയ്യാറാക്കിയത് : രവീന്ദ്രൻ രാവണേശ്വരം

അടിയൊഴുക്കുകളുടെ ആഴമളക്കാൻ

കണ്ണൂർ

11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ നാലിടത്താണ് കടുത്ത മത്സരം. എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളായ പയ്യന്നൂർ, തളിപ്പറമ്പ്, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. സി.പി.എമ്മിലെ കെ.വി.സുമേഷും മുസ്‍ലിം ലീഗിലെ അബ്ദുൽ കരീം ചേലേരിയും ഏറ്റുമുട്ടുന്ന അഴീക്കോട് ഇരുവരും ഒപ്പത്തിനൊപ്പമാണ്. എൽ.ഡി.എഫ് ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം ഒപ്പം വരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലോക്സഭ-തദ്ദേശ വോട്ടുനിലയാണ് ഒരുകാരണം. ബി.ജെ.പി കൂടുതൽ വോട്ടുകൾ പിടിച്ചാൽ സി.പി.എമ്മിന് തിരിച്ചടിയാവും.

സി.പി.എം വിട്ട് യു.ഡി.എഫ് സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണന്റെ മത്സരത്തിലൂടെയാണ് പയ്യന്നൂരിലെ കണക്കുകൾ തെറ്റുന്നത്. കഴിഞ്ഞതവണ അരലക്ഷത്തോളം ഭൂരിപക്ഷത്തിന് വിജയിച്ച സി.പി.എമ്മിലെ ടി.ഐ.മധുസൂദനനാണ് എതിർ സ്ഥാനാർഥി. രക്തസാക്ഷി ഫണ്ട് തട്ടിപ്പുകാരെന്ന് ആക്ഷേപിച്ചാണ് കുഞ്ഞികൃഷ്ണന്റെ പ്രചാരണം. യു.ഡി.എഫ്, ബി.ജെ.പി വോട്ടുകൾക്കൊപ്പം സി.പി.എമ്മിന്റെ വോട്ട് മറിക്കാൻ കഴിഞ്ഞാൽ പയ്യന്നൂരിൽ അദ്ഭുതമുണ്ടാകും. സി.പി.എം വിട്ട ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തിലൂടെയാണ് തളിപ്പറമ്പ് സംസ്ഥാന ശ്രദ്ധ നേടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളക്കെതിരായ വികാരം വോട്ടാവുകയും പാർട്ടി വോട്ടുകൾ മറിയുകയും ചെയ്താലേ തളിപ്പറമ്പിലും അദ്ഭുതം സംഭവിക്കൂ.

അടിയൊഴുക്കുകളുടെ ആഴമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഗതി നിർണയിക്കുക. കൂത്തുപറമ്പിൽ മുസ്‍ലിം ലീഗിലെ ജയന്തി രാജനും ആർ.ജെ.ഡിയിലെ പി.കെ.പ്രവീണും കടുത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്തും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മത്സരിക്കുന്ന മട്ടന്നൂരിലും ജയം ഇടതിനൊപ്പമാവുമെങ്കിലും ഭൂരിപക്ഷം കുറയും. ഇവക്കൊപ്പം കല്യാശ്ശേരിയും തലശ്ശേരിയും ഇടതിന് ഉറപ്പിക്കാം. കണ്ണൂരും ഇരിക്കൂറും പേരാവൂരും യു.ഡി.എഫിനൊപ്പവും.

തയ്യാറാക്കിയത് : എം.സി. നിഹ്മത്ത്

കോഴിക്കോടൻ കോട്ടകളിൽ വിള്ളൽ

കോ​ഴി​ക്കോ​ട്

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടത് ആധിപത്യം പുലർത്തുന്ന കോഴിക്കോട്ട് ഇത്തവണ അദ്ഭുതങ്ങൾക്ക് സാധ്യത തുറന്നിട്ടിരിക്കുകയാണ്. ഉറച്ച ഇടത് കോട്ടകളിൽ അട്ടിമറി പ്രതീക്ഷിക്കേണ്ടതുണ്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 2021ലും 2016ലും 11 സീറ്റുകൾ എൽ.ഡി.എഫ് നേടിയതാണ്. ഇത്തവണ ആറ് -എട്ട് സീറ്റുകളിൽ അട്ടിമറിയെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. അതേസമയം കോട്ടകൾ ഇളകില്ലെന്ന് എൽ.ഡി.എഫ് തറപ്പിച്ച് പറയുന്നു.

വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, കൊടുവള്ളി എന്നിവയാണ് യു.ഡി.എഫ് ഉറപ്പിച്ച സീറ്റുകൾ. എൽ.ഡി.എഫാവട്ടെ ബാലുശ്ശേരി, തിരുവമ്പാടി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഉറച്ച പ്രതീക്ഷ പങ്കിടുന്നു. എല്ലായിടത്തും തീപാറും പോരാട്ടമാണ്. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ അട്ടിമറിയെന്ന പ്രചാരണം എൽ.ഡി.എഫ് തീർത്തും തള്ളുന്നില്ല. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ട് ഇരുകൂട്ടർക്കും നിർണായകമാവും. ജില്ലയിൽ കോൺഗ്രസിന് 25 വർഷമായി എം.എൽ.എ ഇല്ല. ആ ചരിത്രം ഇത്തവണ ആവർത്തിക്കില്ല. തദ്ദേശത്തിൽ യു.ഡി.എഫ് ജില്ലയിൽ അട്ടിമറിനേട്ടം ഉണ്ടാക്കിയിരുന്നു. അതിന്റെ ഊർജം പ്രചാരണത്തിൽ പ്രകടം. അതേസമയം, അടിത്തട്ടിലെ ചിട്ടയായ പ്രവർത്തനത്തിൽ എൽ.ഡി.എഫാണ് മുന്നിൽ.

പേരാമ്പ്രയും ബേപ്പൂരുമാണ് സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ. മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്ന പി. വി. അൻവർ അവസാന ലാപിൽ അസാധാരണ മത്സരം കാഴ്ചവെക്കുന്നുണ്ട്. പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരായ വർഗീയ പരാമർശങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. അതേസമയം, കൊടുവള്ളിയിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം എന്ന പ്രതീക്ഷ അവസാനഘട്ടത്തിൽ മങ്ങിയിട്ടുണ്ട്. ക്ഷേമപെൻഷനുകളും അടിസ്ഥാന സൗകര്യവികസനവും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കോഴിക്കോട്ടെ സീറ്റുകളാണ് യു.ഡി.എഫ് സ്വപ്നം കാണുന്ന അക്കത്തിലേക്കുള്ള ഊന്നുവടി.

തയ്യാറാക്കിയത് : പി. ഷംസുദ്ദീൻ

മൂന്നിൽ മൂന്നും...

വയനാട്

ക​ൽ​പ​റ്റ: ഉ​രു​ൾ​ദു​ര​ന്ത​ത്തി​ലെ പ​ണ​പ്പി​രി​വും സ​ർ​ക്കാ​ർ ടൗ​ൺ​ഷി​പ്പി​ന്റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യു​മാ​ണ് പ്ര​ചാ​ര​ത്തി​ലെ അ​വ​സാ​ന ദി​ന​ങ്ങ​ൾ തൂ​ക്കി​യ​ത്. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ൽ​പ​റ്റ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യും യു.​ഡി.​എ​ഫ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഹാ​ട്രി​ക്കി​നാ​യി ഇ​റ​ങ്ങി​യ മ​ന്ത്രി ഒ.​ആ​ർ കേ​ളു​വി​നെ മ​ല​ർ​ത്തി​യ​ടി​ച്ച് ഉ​ഷ വി​ജ​യ​നി​ലൂ​ടെ മാ​ന​ന്ത​വാ​ടി തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ക​ന​ത്ത പോ​രാ​ട്ടം കാ​ണു​മ്പോ​ൾ മാ​ന​ന്ത​വാ​ടി മാ​റി ചി​ന്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ത​ദ്ദേ​ശ​വോ​ട്ടു​വി​ഹി​തം അ​തി​ന് ബ​ലം ന​ൽ​കു​ന്നു. സി.​കെ ജാ​നു​വി​ന്റെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ആ​ദി​വാ​സി​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പി​ന്തു​ണ വേ​റെ. എ​ന്നാ​ൽ, കേ​ളു​വി​ന്റെ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നാ​ണ് ഇ​ട​തി​ന്റെ ഉ​റ​പ്പ്. പ്ര​ചാ​ര​ണ​ത്തി​ൽ മി​ക​വ് കാ​ട്ടു​ന്ന എ​ൻ.​ഡി.​എ​ക്ക് എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ല​ട​ക്കം വോ​ട്ടു​കൂ​ട്ടു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

ക​ൽ​പ​റ്റ​യി​ൽ സി​റ്റി​ങ് എം.​എ​ൽ.​എ ടി. ​സി​ദ്ദീ​ഖാ​ണ് ജ​ന​കീ​യ​ൻ. പ​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടും ജ​ന​കീ​യ​ത​ക്ക് പോ​റ​ലേ​ൽ​പ്പി​ക്കാ​ൻ സി.​പി.​എ​മ്മി​നാ​യി​ട്ടി​ല്ല. ആ​ർ.​ജെ.​ഡി​യു​ടെ പി.​കെ അ​നി​ൽ കു​മാ​റാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി. 15 വ​ർ​ഷ​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ​യാ​യ ഐ.​സി ബാ​ല​കൃ​ഷ്ണ​ന് കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും വി​ജ​യം കാ​ണും. ത​ദ്ദേ​ശ​ത്തി​ലെ 14,000 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് പ്ര​തീ​ക്ഷ കൂ​ട്ടു​ന്ന​ത്. എ​ൻ.​ഡി.​എ കൂ​ടു​ത​ൽ വോ​ട്ടു​പി​ടി​ക്കു​ക​യും കു​റു​മ സ​മു​ദാ​യ വോ​ട്ട് അ​ക​ലു​ക​യും ചെ​യ്താ​ൽ ബാ​ധി​ക്കും. കോ​ൺ​ഗ്ര​സ് മു​ൻ നേ​താ​വാ​യ എം.​എ​സ് വി​ശ്വ​നാ​ഥ​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. ബ്ര​ഹ്മ​ഗി​രി സൊ​​സൈ​റ്റി നി​ക്ഷേ​പ ത​ട്ടി​പ്പ് പ്ര​ശ്നം ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. എ​ൽ.​ഡി.​എ​ഫി​നെ അ​തേ​റെ കു​ഴ​ക്കു​ന്നു​മു​ണ്ട്.

തയ്യാറാക്കിയത് : ഒ. ​മു​സ്ത​ഫ

മലപ്പുറത്ത് യു.ഡി.എഫ് കോയ്മ

മ​ല​പ്പു​റം

ആകെയുള്ള 16 മണ്ഡലങ്ങളിൽ കടുത്ത മത്സരം നടക്കുന്നത് പൊന്നാനിയിലും തവനൂരിലും മാത്രം. ബാക്കി 14 ലും യു.ഡി.എഫിന് വ്യക്തമായ മേൽകൈയുണ്ട്. രണ്ട് പതിറ്റാണ്ടായി സി.പി.എം കോട്ടയാണ് പൊന്നാനി. വഖഫ് ബോർഡ് മുൻ ചെയർമാൻ എം.കെ സക്കീറിലൂടെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് കഠിനാധ്വാനം ചെയ്യുമ്പോൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദലിയിലൂടെ അട്ടിമറി പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്. മുൻ മന്ത്രിയും ഇടതു സ്വതന്ത്രനുമായ ഡോ. കെ.ടി ജലീലും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും കൊമ്പ് കോർക്കുന്ന തവനൂരിൽ ഇടത് കേന്ദ്രങ്ങളിലാണ് ആശങ്ക. 2021ൽ ജലീലിന്റെ ഭൂരിപക്ഷം 2564 വോട്ട് മാത്രമാണ് എന്നതാണ് കാരണം.

വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച പെരിന്തൽമണ്ണയിൽ, ഇത്തവണ ഇരുപക്ഷവും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. തദ്ദേശത്തിലെ മേൽകൈ നജീബ് കാന്തപുരത്തിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. സിറ്റിങ് എം.എൽ.എ ലീഗിലെ കുറുക്കോളി മൊയ്തീനെതിരെ, മന്ത്രി വി. അബ്ദുറഹിമാൻ മത്സരിക്കുന്ന തിരൂരിൽ, വോട്ടുറപ്പിക്കാൻ ഇരുപക്ഷവും കഠിന പരിശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിടിച്ച നിലമ്പൂരിലും എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ താനൂരിലും യു.ഡി.എഫ് ഒരുചുവട് മുൻപിൽതന്നെ. മങ്കടയിൽ ലീഗിലെ മഞ്ഞളാംകുഴി അലിക്കെതിരെ, എൽ.ഡി.എഫ് പിന്തുണയോടെ, മത്സരിക്കുന്ന ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് ലീഗ് വോട്ടുകൾ ഇളക്കുമോയെന്ന് കണ്ടറിയണം.

വേങ്ങരയിൽ ഇടത് സ്വതന്ത്രൻ സബാഹ് കുണ്ടുപുഴക്കലിന്റെ അടിത്തട്ടിലിറങ്ങിയുള്ള പ്രചാരണത്തെ അതേ നാണയത്തിലാണ് ലീഗിലെ കെ.എം. ഷാജി നേരിടുന്നത്. വണ്ടൂരിൽ ആറാംതവണ മത്സരിക്കുന്ന എ.പി അനിൽകുമാറിന് എതിർ ഘടകങ്ങളുണ്ടെങ്കിലും യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴാൻ സാധ്യതയില്ല. മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന് തുടങ്ങിയ ലീഗ് മണ്ഡലങ്ങളിൽ കാര്യമായ ഇളക്കം സൃഷ്ടിക്കാൻ ഇടതിനായിട്ടില്ല.

തയ്യാറാക്കിയത് : കെ.പി യാസിർ

ഇടതിനോട് ഇടയാതെ പാലക്കാട്

12 മണ്ഡലങ്ങളുള്ള പാലക്കാട്ടെ കാറ്റ് അനുകൂലമാക്കാൻ ഇടത് വലത് മുന്നണികൾ നെട്ടോട്ടത്തിലാണ്. രണ്ട് മണ്ഡലങ്ങൾ കൈപ്പിടിയിലാക്കാൻ ബി.ജെ.പിയും തന്ത്രങ്ങൾ മെനയുന്നു. തദ്ദേശത്തേക്കാളും മുന്നേറ്റമുണ്ടാക്കി 2021ലെ ‘വിജയവിസ്‌മയം’ തുടരുമെന്ന് എൽ.ഡി.എഫ്. ലോക്സഭയിലെ നിലയിലാണ് യു.ഡി.എഫ് പ്രതീക്ഷ. പാലക്കാട്ട് ശോഭ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പുലർത്തുന്നു.

ജില്ലയിൽ ഇടതിന് മൂൻതൂക്കമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബി.ജെ.പി കൗൺസിലർ തടഞ്ഞതും ലൈംഗിക പീഡന പരാതിയും ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവും പാലക്കാട് മണ്ഡലത്തിലെ പ്രചാരണം ചൂടേറുന്നതാക്കി. വിജയം ഉറപ്പെന്ന് യു.ഡി.എഫും ബി.ജെ.പിയും അവകാശപ്പെടുമ്പോൾ എൻ.എം.ആർ. റസാഖിന്റെ സാന്നിധ്യം ചെറിയ ചലനങ്ങളിൽ ഒതുങ്ങി.

തീപാറും മത്സരം നടക്കുന്നത് തൃത്താലയിലാണ്. സംവാദങ്ങളും പോർവിളികളുമായി മുന്നേറുന്ന ഇവിടുത്തെ പരാജയം ഇരുകൂട്ടർക്കും പോറലുണ്ടാക്കും. സി.പി.എമ്മിലെ വിമത കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന പി.കെ. ശശിയുടെ സാന്നിധ്യം ഒറ്റപ്പാലത്തിന് പുറമെ കോങ്ങാട്, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ടെങ്കിലും ശശിക്കെതിരായ സാമ്പത്തികാരോപണങ്ങളാണ് സി.പി.എം ആയുധം.

തദ്ദേശത്തിലെ മുന്നേറ്റമാണ് ബി.ജെ.പി മലമ്പുഴയിൽ വിജയസാധ്യതയായി കാണുന്നത്. കെ. കൃഷ്ണൻകുട്ടി മത്സരിക്കാത്തത് ചിറ്റൂരിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നു. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനെ തളക്കാൻ നഗരസഭ ചെയർമാൻ ടി.പി. ഷാജിക്ക് കഴിയുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ വികസന മുന്നേറ്റം മുതൽക്കൂട്ടാവുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. ലീഗ് കോട്ടയായ മണ്ണാർക്കാട്ട് ഇളക്കം തട്ടാനിടയില്ല. കോങ്ങാട്, തരൂർ, ആലത്തൂർ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഇളക്കം തട്ടിയാൽ വോട്ടുകളിൽ കാര്യമായ അടിയൊഴുക്കുണ്ടായി എന്നുവേണം കരുതാൻ.

തയ്യാറാക്കിയത് : ടി.പി. സുരേഷ് കുമാർ

തൃശൂരിൽ തുടരും ഇടത് മേൽക്കോയ്മ

അന്തിമവട്ട പ്രചാരണങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കടുത്ത മത്സരത്തിനാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. നരേന്ദ്ര മോദി വന്ന് പോയതൊഴിച്ചാൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഇക്കുറിയും മത്സരം. ലോക്സഭയിലെ പോരാട്ട വീര്യമൊന്നും ബി.ജെ.പിയിൽ കാണാനില്ല. തൃശൂരിൽ മാത്രമാണ് അതിന് വ്യത്യാസം. ബി.ജെ.പി സ്ഥാനാർഥി പത്മജ പ്രചാരണത്തിൽ ഇടതു -വലതു മുന്നണികൾക്കൊപ്പമുണ്ട്.

2021ൽ 13 മണ്ഡലങ്ങളിൽ ഒരിടത്തുമാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. ചാലക്കുടി. എൽ.ഡി.എഫ് -12. അൽപം ക്ഷീണമുണ്ടായാലും ജില്ല ഇടത്തോട്ടുതന്നെയാണ് അവസാനവട്ട ചായ്‍വ് പ്രകടിപ്പിക്കുന്നത്. അതേസമയം, യു.ഡി.എഫ് സ്ഥിതി മെച്ചപ്പെടുത്തും. ലോക്സഭയിൽ തെളിയിച്ച കരുത്തിന്റെ തുടർച്ച എൻ.ഡി.എ അവകാശപ്പെടുന്നുണ്ട്. അഞ്ച് -എട്ട് സീറ്റുകളിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. തൃശൂർ, മണലൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ജയം ഉറപ്പിക്കുന്നു. മൂന്ന് മണ്ഡലങ്ങൾ അനുകൂലമെന്നും അവർ കരുതുന്നു. ഒല്ലൂർ, പുതുക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, കയ്പമംഗലം, ചേലക്കര എന്നിവിടങ്ങളിൽ കനത്ത മത്സരമുണ്ടെങ്കിലും എൽ.ഡി.എഫിനാണ് മേൽക്കൈ. തദ്ദേശത്തിലെ വോട്ടു പ്രകാരം എൽ.ഡി.എഫ് -11, യു.ഡി.എഫ് -രണ്ട് എന്നതാണ് സീറ്റുനില.

തയ്യാറാക്കിയത് : നിസാർ പുതുവന

നീന്തിക്കയറാൻ നിലയുറപ്പിച്ച്...

എറണാകുളം

തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും യു.ഡി.എഫ് എറണാകുളം അനായാസം നീന്തിക്കയറാറുണ്ട്. അതേസമയം, ചില മണ്ഡലങ്ങൾ ഇടക്ക് ഇടതുപക്ഷത്തേക്ക് മാറിനിൽക്കും. ആ നിൽപ്പ് ചിലപ്പോൾ മൂന്നോ നാലോ തെരഞ്ഞെടുപ്പുകളോളം നീളും. അപ്പോഴും അത് തിരിച്ചുവരുമെന്ന വിശ്വാസം യു.ഡി.എഫ് കൈവിടില്ല. എൻ.ഡി.എയാകട്ടെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇപ്പോഴും.

ജില്ലയിലെ 14 മണ്ഡലങ്ങളിൽ 2016ലും 2021ലും ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ് വിജയിച്ചത്. 2021ൽ എൽ.ഡി.എഫിന് മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും യു.ഡി.എഫിന് കുന്നത്തുനാടും കളമശ്ശേരിയും നഷ്ടപ്പെട്ടു. ഇത്തവണ പിറവം, മൂവാറ്റുപുഴ, അങ്കമാലി, പറവൂർ, ആലുവ, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിൽ യു.ഡി.എഫിന് തന്നെയാണ് മുൻതൂക്കം. കളമശ്ശേരി, തൃപ്പൂണിത്തുറ, വൈപ്പിൻ എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് മേൽക്കൈയ്യുണ്ട്. കോതമംഗലം, പെരുമ്പാവൂർ, കുന്നത്തുനാട്, കൊച്ചി എന്നിവിടങ്ങളിൽ മത്സരം ശക്തമാണ്.

കഴിഞ്ഞ തവണ തൃപ്പൂണിത്തുറ ആയിരത്തിൽ താഴെ വോട്ടിനാണ് എൽ.ഡി.എഫിന് നഷ്ടമായത്. കുന്നത്തനാടും പെരുമ്പാവൂരും യു.ഡി.എഫിനെ കൈവിട്ടത് മൂവായിരത്തിൽ താഴെ വോട്ടിനും. കുന്നത്തുനാട്ടിൽ അന്ന് ട്വന്‍റി20 പിടിച്ച 42,701 വോട്ടാണ് യു.ഡി.എഫ് പ്രതീക്ഷ തകർത്തത്. ഇത്തവണ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ട്വന്‍റി20യുടെ എൻ.ഡി.എ പ്രവേശനത്തിൽ വിയോജിപ്പുള്ളവരുടെ വോട്ട് തങ്ങൾക്കാണെന്ന് ഇരുമുന്നണികളും കണക്കുകൂട്ടുന്നു.

പാർട്ടിക്ക് നഗരസഭ ഭരണമുള്ള തൃപ്പൂണിത്തുറയടക്കം ഒമ്പത് മണ്ഡലങ്ങളിൽ ട്വന്‍റി 20 മത്സരിക്കുകയും തങ്ങളെ മൂന്നിടത്ത് ഒതുക്കുകയും ചെയ്തതിൽ അമർഷമുള്ള പ്രവർത്തകർ ബി.ജെ.പിയിൽ ഏറെയാണ്. അവരുടെ വോട്ട് നിർണായകമാകും. കൊച്ചിയും കളമശ്ശേരിയും കോതമംഗലവും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തൃപ്പൂണിത്തുറയുടെയും പെരുമ്പാവൂരിന്റെയും കാര്യത്തിൽ എൽ.ഡി.എഫും ഇതേ പ്രതീക്ഷയിലാണ്. ട്വന്‍റി20യുമായുള്ള കൂട്ടുകെട്ട് നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്ന് എൻ.ഡി.എ കണക്കുകൂട്ടുന്നു. എന്നാൽ, ചില മണ്ഡലങ്ങളിൽ പ്രതീക്ഷ തകിടം മറിക്കുന്ന അടിയൊഴുക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തയ്യാറാക്കിയത് : പി.പി. കബീർ

ആരുടെ പവർ ഹൗസ് ?

ഇ​ടു​ക്കി

ഇടുക്കിയിൽ യു.ഡി.എഫ് മുൻതൂക്കം ഉറപ്പിച്ച നിലയിലാണ്. തൊടുപുഴ നീന്തിക്കയറാമെന്ന് യു.ഡി.എഫും ഉടുമ്പൻചോലയിൽ വിജയം കൊയ്യാമെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. കടുത്ത മത്സരമുള്ള ഇടുക്കിയും ദേവികുളവും മനസ്സ് തുറന്നിട്ടില്ല. പീരുമേടിനെ ഇരുമുന്നണികളും ഒപ്പം എണ്ണുന്നു. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, അവസാന ലാപ്പിന് മുമ്പേ മുന്നിലാണ്. മുൻപ് കാണാത്ത പോരാട്ടത്തിലാണ് ഇക്കുറി ഇടുക്കി. മുൻ ഡി.സി.സി പ്രസിഡന്‍റ് റോയ് കെ.പൗലോസ് ഏറ്റുമുട്ടുന്നത് മന്ത്രി റോഷി അഗസ്റ്റിനോടാണ്. തദ്ദേശത്തിലെ മുന്നേറ്റമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.ഫിനൊപ്പം നിന്ന പീരുമേട്ടിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സലിംകുമാറിനെ എതിരിടുന്നത് രണ്ട് വട്ടം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സിറിയക് തോമസാണ്. നാല് തവണയായി സി.പി.എം ജയിക്കുന്ന ദേവികുളത്ത് സി.പി.എം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ എൻ.ഡി.എക്ക് വേണ്ടി കളത്തിലുണ്ട്. നിലവിലെ എം.എൽ.എ എ.രാജ എൽ.ഡി.എഫിന് വേണ്ടി കളംനിറയുമ്പോൾ മണ്ഡലത്തിൽ സുപരിചിതനായ എഫ്.രാജയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.എം വോട്ടുകൾ രാജേന്ദ്രൻ പിടിച്ചാൽ എ. രാജയുടെ വിജയത്തെ ബാധിക്കും.

ഉടുമ്പൻ ചോലയിൽ മുൻ എം.എൽ.എ കെ.കെ ജയചന്ദ്രനോട് എതിരിടുന്നത് യു.ഡി.എഫിന്റെ സേനാപതി വേണുവാണ്. 2021ൽ എം.എം മണിയോട് 1109 വോട്ടിനാണ് വേണു തോറ്റത്. എസ്.ഐ.ആറിലൂടെ ഒഴിവാക്കിയ അര ലക്ഷത്തിനടുത്ത വോട്ടുകൾ ദേവികുളം, ഉടുമ്പൻ ചോല മണ്ഡലങ്ങളുടെ വിധി നിർണയിക്കുന്നതിൽ നിർണായകമാകും. 

തയ്യാറാക്കിയത് : അഫ്സൽ ഇബ്രാഹിം

കളം മാറുമോ?

കോട്ടയം

ജില്ലയിൽ സിറ്റിങ് എം.എൽ.എമാരുടെ ജനകീയതയുടെ കോട്ടയാണ് എതിരാളിയുടെ പ്രധാന വെല്ലുവിളി. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ഭൂരിപക്ഷത്തിൽ മാത്രമാണു സംശയം. കടുത്തുരുത്തിയിൽ പോരാട്ടം കടുപ്പമെങ്കിലും മോൻസ് ജോസഫും യു.ഡി.എഫുംതന്നെ മുന്നിൽ. മുൻ സി.പി.ഐ എം.എൽ.എ കെ. അജിത് തെരഞ്ഞെടുപ്പിന്‍റെ പടിവാതിലിൽ മറുകണ്ടം ചാടി ബി.ജെ.പി സ്ഥാനാർഥിയാവുകയും മുൻ എം.എൽ.എ പി. നാരായണന്‍റെ കുടുംബം പ്രചാരണ മൂർധന്യത്തിൽ നേതൃത്വത്തെ പഴിച്ച് ബി.ജെ.പിയിൽ ചേക്കേറുകയും ചെയ്തതടക്കം വിഭാഗീയത അലട്ടുന്ന വൈക്കത്ത് ഇടതു സ്ഥാനാർഥി പി. പ്രദീപിനെ അട്ടിമറിക്കാൻ അതു മതിയാവില്ല. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജിന്‍റെ ജനകീയത യു.ഡി.എഫിന്‍റെ പ്രഫ. റോണി കെ. ബേബിക്കുമേൽ എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യം നൽകുന്നു.

തുടക്കത്തിൽ വൻ മുൻതൂക്കമുണ്ടായിരുന്ന മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂരിൽ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിനു മുന്നിൽ വിയർക്കുകയാണ്. ജോസ് കെ. മാണിയും മാണി സി. കാപ്പനും ഒരേപോലെ ജയപ്രതീക്ഷ പുലർത്തുന്ന പാലായിൽ നഗര മേഖലയിൽ ജോസിനും ഗ്രാമങ്ങളിൽ കാപ്പനും എഡ്ജുണ്ടെന്നു പറയാം. പൂഞ്ഞാറിൽ വൈകിയെത്തിയെങ്കിലും കുതിച്ചുപാഞ്ഞ കോൺഗ്രസിന്‍റെ എം.ജെ. സെബാസ്റ്റ്യൻ അവസാന ലാപ്പിൽ സിറ്റിങ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് ഒപ്പമോ അൽപ്പം മുന്നിലോ ആണ്. മുമ്പ് ഒറ്റക്കു നിന്നു ജയിച്ച പി.സി ജോർജ് താമര ചിഹ്നത്തിൽ മൂന്നാമതാണ്. കേരള കോൺഗ്രസുകൾ ഫോട്ടോ ഫിനിഷിന് പോരടിക്കുന്ന ചങ്ങനാശ്ശേരിയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. കഴിഞ്ഞ സ്കോർ ബോർഡിലെ 5-4 എന്ന അക്കങ്ങൾ മാറിയേക്കില്ല എന്നാണ് അന്തിമ സൂചന. അക്കങ്ങളുടെ കള്ളികൾ യു.ഡി.എഫിന് അനുകൂലമായി തിരിഞ്ഞേക്കാം എന്നു മാത്രം. തരംഗ സാഹചര്യത്തിൽ അത് 6-3 ആയേക്കാം.

തയ്യാറാക്കിയത് : കെ.പി. റജി

കലങ്ങിയ ആലപ്പുഴ ആരു കടക്കും?

ചുവപ്പൻ പ്രതാപത്തിൽനിന്ന് ജി. സുധാകരൻ ചുവടുമാറ്റിയതോടെ കലങ്ങിമറിഞ്ഞ ആലപ്പുഴയുടെ രാഷ്ട്രീയമനസ്സ് ഇക്കുറി മാറുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഒരുകാലത്ത് പാർട്ടിയെ നിയന്ത്രിച്ചിരുന്ന തലപ്പൊക്കമുള്ള നേതാവ് മുന്നോട്ടുവെച്ച ‘സ്വതന്ത്രവിപ്ലവം’ ക്ലച്ച് പിടിക്കുമോ? അതല്ല, പാർട്ടിയുടെ സംഘടനാസംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയ പോരാട്ടത്തിൽ ചെങ്കൊടി വീണ്ടും പാറുമോ? അമ്പലപ്പുഴയിൽ നിലനിൽപിനായുള്ള ഈ കടുത്ത മത്സരം പ്രവചനാതീതമാണ്. മുകൾത്തട്ടിൽ പ്രചാരണചൂട് ഏറെയാണെങ്കിലും അടിത്തട്ടിലെ ശാന്തത മുന്നണികളെ വലക്കുന്നു. ചില മണ്ഡലങ്ങളിൽ അട്ടിമറി സാധ്യതയുണ്ട്. എന്നാൽ, ഇടതുപക്ഷം ഏറെ ദുർബലമായ സമയമായിട്ടും യു.ഡി.എഫിന് വലിയ മേൽകൈ പ്രവചിക്കാനാവില്ല.

2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടുസീറ്റും സ്വന്തമാക്കിയാണ് എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്. അന്ന് ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ഇക്കുറി ചിലയിടത്ത് കടുത്ത മത്സരമുണ്ടെന്ന് എൽ.ഡി.എഫ് സമ്മതിക്കുമ്പോഴും ആറുമുതൽ എട്ടുവരെ സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല എൽ.ഡി.എഫാണ് മുന്നിൽ. അമ്പലപ്പുഴയിലും കുട്ടനാടും കായംകുളത്തും അരൂരിലും കടുത്ത മത്സരം.

യു.ഡി.എഫ് ഇക്കുറി നില മെച്ചപെടുത്തും. ഹരിപ്പാട്, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷ. കായംകുളം, അരൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരവും. സുധാകരൻ ഇഫക്ടും ഭരണവിരുദ്ധതയും ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും യു.ഡി.എഫിന് അനൂകൂലമാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ വോട്ടുകണക്കിലും മുന്നിലെത്തിയ ഇടത് ആധിപത്യത്തെ അത്ര പെട്ടെന്ന് മറികടക്കാനാവില്ല. ഹരിപ്പാട് മണ്ഡലത്തിൽ വോട്ടുവിഹിതം കൂടുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടൽ. എസ്.ഐ.ആർ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരുലക്ഷം വോട്ടർമാരുടെ കുറവുണ്ട്. ഇത് ഏത് മുന്നണിയെ ബാധിക്കുമെന്ന് കണ്ടറിയണം.

തയ്യാറാക്കിയത് : പി.എസ്. താജുദ്ദീൻ

പത്തനംതിട്ടയിൽ ഇടതുവീഴ്ച

അഞ്ച് മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ല പൊതുവേ യു.ഡി.എഫ് ശക്തികേന്ദ്രമാണ്. ജില്ലയുടെ ഒരു ഭാഗം കോൺഗ്രസ്, കേരള കോൺഗ്രസ് ആധിപത്യ പ്രദേശം. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായതിനാൽ അരിവാൾ ചുറ്റിക അത്ര പിടിക്കാത്ത നാടെന്ന ഖ്യാതി. എന്നാൽ റാന്നിയിൽ 25 വർഷം രാജു എബ്രഹാമും തുടർന്ന് പ്രമോദ് നാരായണനും മണ്ഡലം ഇടത്തു നിർത്തി. തിരുവല്ല നാലുതവണയായി മാത്യൂ ടി. തോമസിലൂടെ ഇടതാണ്. എന്നാൽ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് കരുതുന്നത്. ഇടതുപക്ഷത്തും ആത്മവിശ്വാസക്കുറവുണ്ട്.

മൂന്നു സീറ്റ് യു.ഡി.എഫ് നേടുമ്പോൾ രണ്ട് സീറ്റുകൾ ഇടതിന് നഷ്ടപ്പെട്ടേക്കും. ആറന്മുളയിലും തിരുവല്ലയിലും മത്സരം പ്രവചനാതീതമാണ്. രണ്ടിടത്തും ബി.ജെ.പി സമാഹരിക്കുന്ന വോട്ടുകൾ നിർണായകം. അനൂപ് ആന്‍റണിക്കായി പ്രധാനമന്ത്രി തിരുവല്ലയിലെത്തിയത് വോട്ടുവിഹിതം കൂട്ടിയേക്കും. മുൻതൂക്കം യു.ഡി.എഫിലെ വർഗീസ് മാമ്മനാണ്. അതുപോലെ ആറന്മുളയിൽ കുമ്മനം രാജശേഖരൻ പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിക്കും. ആറന്മുളയിൽ ഓർത്തഡോക്സ് വോട്ടുകൾ ഭിന്നിക്കും. ശബരിമല സ്വർണകൊള്ള വീണക്ക് തിരിച്ചടിയാകുമെന്നത് ഏതാണ്ടുറപ്പ്. വീണയും പാർട്ടിയും ഇപ്പോഴും അത്ര നല്ല സ്വരച്ചേർച്ചയിലായിട്ടുമില്ല. ഊണും ഉറക്കവുമില്ലാതെ ഓടിനടക്കുന്ന അബിൻ വർക്കിക്ക് വോട്ടുനേടാൻ ആവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

റാന്നി തിരിച്ചു പിടിക്കാനുള്ള ഊഴം ജില്ലക്ക് പുറത്തുനിന്നുള്ള പഴകുളം മധുവിനാണ്. ശബരിമല ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ സ്വർണക്കൊള്ള വിഷയം സജീവമാണ്. പഴകളും മധുവിന് ചെറിയ എഡ്ജ് കാണുന്ന മണ്ഡലത്തിൽ മത്സരം കടുത്തതുതന്നെ. അടൂർ മൂന്നുതവണ ചിറ്റയം ഗോപകുമാർ വിജയിച്ച മണ്ഡലമാണെങ്കിലും ഇടതുപക്ഷത്തിന് സാധ്യത കുറവെന്നാണ് വിലയിരുത്തൽ. സി.വി ശാന്തകുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ചെറിയ മാർജിനിലാണ് മണ്ഡലം കൈവിട്ടത്. സർവേകളിലും പ്രവചനം അടൂർ യു.ഡി.എഫിനെന്നാണ്.

തയ്യാറാക്കിയത് : അഫ്സൽ ഇബ്രാഹിം

മങ്ങുമെങ്കിലും മായില്ല കൊല്ലത്തെ ചെഞ്ചായം

രണ്ടു പതിറ്റാണ്ടായി ഇടതിന് ഉറച്ച പിന്തുണ നൽകുന്ന കൊല്ലത്ത് ഇത്തവണ ഇളക്കത്തിന്‍റെ സൂചന പ്രകടം. 2021ൽ 11ൽ രണ്ടു സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. 2016ൽ മുഴുവൻ സീറ്റും ഇടതിന്. യു.ഡി.എഫ് അധികാരത്തിൽ വന്ന 2011ൽപ്പോലും രണ്ടുസീറ്റിലൊതുങ്ങി ഭരണപക്ഷത്തിന് കൊല്ലത്തിന്‍റെ സംഭാവന. പൊതുവെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഇതേ സ്വഭാവം പുലർത്തുന്ന ജില്ല പക്ഷേ, കഴിഞ്ഞ തവണ മാറി ചിന്തിച്ചതാണ് യു.ഡി.എഫ് പ്രതീക്ഷ. ഇക്കുറി ആര് മുൻതൂക്കം നേടിയാലും അത് നേരിയ വ്യത്യാസത്തിലാകും. ആറു മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന മത്സരമാണ്. യു.ഡി.എഫ് വിജയിച്ച കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് വിജയ പ്രതീക്ഷയിലാണ്. 2021ൽ കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷമായിരുന്നു ഇടതിന്. ഇത് മൂന്നും പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്.

ചവറയിൽ ഷിബു ബേബിജോണും ഇടതിന്‍റെ സുജിത് വിജയൻ പിള്ളയും തമ്മിൽ കടുത്ത മത്സരമാണ്. കൊല്ലത്തും കുന്നത്തൂരിലും ഏറെ മുന്നിലെത്തിയ യു.ഡി.എഫിനെ തളക്കാനാവുമെന്ന പ്രതീക്ഷ ഇടതുപക്ഷം കൈവിട്ടിട്ടില്ല. പുനലൂരും ഇരവിപുരവും 30 വർഷമായി ഇടതിനൊപ്പമാണ്. ഇതിൽ ഇരവിപുരത്ത് ആർ.എസ്.പിയുടെ വിഷ്ണുമോഹൻ സി.പി.എമ്മിലെ എം.നൗഷാദിന് കനത്ത വെല്ലുവിളിയാണ്. സിറ്റിങ് എം.എൽ.എമാരുള്ള ചടയമംഗലവും ചാത്തന്നൂരും കൈവിടില്ലെന്നാണ് സി.പി.ഐ പ്രതീക്ഷ. എങ്കിലും ഉൾപാർട്ടി പ്രശ്നങ്ങളാൽ മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് ഏറെ വിയർക്കുന്നുണ്ട്. കോൺഗ്രസിന്‍റെ എം.എം. നസീറാണ് ഇക്കുറിയും എതിരാളി. കരുനാഗപള്ളിയിൽ സി.ആർ. മഹേഷിന്റെ മേൽക്കൈ തകർക്കാൻ സി.പി.ഐയുടെ എം.എസ്. താര കടുത്ത ശ്രമത്തിലാണ്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ നേടിയ 46,000ൽപരം വോട്ടിന്‍റെ പിൻബലത്തിൽ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. ബി.ജെ.പി പ്രതീക്ഷവെക്കുന്ന ചാത്തന്നൂരിൽ അവസാന ഘട്ടത്തിൽ ഇടതുപക്ഷത്തിനാണ് മുൻതൂക്കം. കരുനാഗപള്ളിയിലും ചാത്തന്നൂരിലും മതേതര വോട്ടുകൾ ഭിന്നിച്ചാൽ അട്ടിമറിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

പത്തനാപുരത്ത് ആറാമങ്കത്തിനിറങ്ങിയ മന്ത്രി ഗണേഷ് കുമാർ ജ്യോതികുമാർ ചാമക്കാലയിൽനിന്ന് വലിയ വെല്ലുവിളി നേരിടുന്നു. സോളാർ പ്രശ്നത്തിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയെന്ന ആരോപണത്തിൽ, ഓർത്തഡോക്സ് സഭ ഇടഞ്ഞുനിൽക്കുന്നതും പ്രാദേശിക പ്രശ്നത്തിൽ എൻ.എസ്.എസ് അകന്നുനിൽക്കുന്നതുമാണ് ഭാര്യ ഉയർത്തിയ അപവാദത്തേക്കാൾ ഗണേഷിന് ഭീഷണി. മുൻനിര ഇടത് നേതാക്കളാരും പ്രചാരണത്തിന് മണ്ഡലത്തിലെത്തിയിട്ടുമില്ല. കൊട്ടാരക്കരയിൽ തങ്ങളുടെ മുൻ എം.എൽ.എ ഐഷ പോറ്റി ഉയർത്തിയ വെല്ലുവിളി ഏതറ്റംപോയും പ്രതിരോധിക്കാനും വിജയിക്കാനുമുള്ള വാശിയിലാണ് സി.പി.എം. കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പി കുപ്പായമിട്ട് മത്സരിക്കുന്നത് മന്ത്രി ബാലഗോപാലിനാണ് ഗുണം ചെയ്യുക.

തയ്യാറാക്കിയത് : എം. ഷറഫുല്ലാഖാൻ

തലസ്ഥാനത്ത് ഇടതുവേരിളക്കം

തി​രു​വ​ന​ന്ത​പു​രം

അധികാരക്കസേരക്ക് ബലംനൽകാൻ കഴിഞ്ഞവട്ടം 14ൽ 13 മണ്ഡലങ്ങളും കണ്ണുമടച്ച് ഇടതുമുന്നണിക്ക് നൽകിയ തലസ്ഥാനത്തിന് ഇക്കുറി സമ്മിശ്ര മനസ്സാണ്. ജില്ലയിലെ ഇടതാധിപത്യത്തിൽ വിള്ളലുകളുണ്ടാക്കാനും എട്ടിലേറെ സീറ്റുകളിൽ ഒപ്പത്തിനൊപ്പമോ അതിനപ്പുറമോ എത്താൻ യു.ഡി.എഫിന് കഴിഞ്ഞതാണ് അവസാന മണിക്കൂറുകളിലെ കാഴ്ച. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, കഴക്കൂട്ടം, നേമം, വർക്കല, വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് എൽ.ഡി.എഫ് നേരിടുന്നത്.

അതേസമയം, തലസ്ഥാന ജനത കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. 2021ലെ ഇടതുതരംഗത്തിൽ കോവളം മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ഇക്കുറി സർക്കാർ വിരുദ്ധ തരംഗം കൊടുങ്കാറ്റാകുമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, വർക്കല, കാട്ടാക്കട എന്നിവിടങ്ങളിൽ വിജയം ഉറപ്പിച്ച മട്ടാണ്. ചിറയിൻകീഴ്, വാമനപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ കാര്യമായ പ്രതീക്ഷയും അവർ വെച്ചുപുലർത്തുന്നു. നേമത്ത് കെ.എസ്. ശബരീനാഥന്‍റെ സാന്നിധ്യത്തിലൂടെ ശക്തമായ ത്രികോണമത്സരത്തിന് വേദിയൊരുക്കാനായത് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സി.എസ്‌.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണിനെ തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന വിളവങ്കോട് സ്ഥാനാർഥിയാക്കിയത് സഭക്ക് വലിയ സ്വാധീനമുള്ള നെയ്യാറ്റിൻകര, പാറശ്ശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ബി.ജെ.പിയും ചില മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യവും അവകാശവാദവുമായി രംഗത്തുണ്ട്. കേന്ദ്രമന്ത്രി എസ്.ജയശങ്കർ തന്‍റെ പേര് പറയാത്തതിൽ പ്രതിഷേധിച്ച് വട്ടിയൂർകാവിൽ ബി.ജെ.പി സ്ഥാനാർഥി ആർ.ശ്രീലേഖ വേദിയിൽ നിന്നിറങ്ങിയതാണ് ബി.ജെ.പി ക്യാമ്പിൽ അവസാനലാപ്പിലുണ്ടായ കല്ലുകടിക്കാഴ്ച.

തയ്യാറാക്കിയത് : ബിജു ചന്ദ്രശേഖർ

Tags:    
News Summary - Kerala Assembly elections Who is the public's mind on?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.