ന്യൂഡൽഹി: സോപാന സംഗീതത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച സംഗീതജ്ഞ പ്രഫ. ലീല ഓംചേരി(94) അന്തരിച്ചു. അധ്യാപിക, ഗവേഷക, എഴുത്തുകാരി എന്നീ നിലകളിലും ഏറെ സജീവമായിരുന്നു. സംസ്കാരം പിന്നീട്. പ്രശസ്ത നാടകരചയിതാവ് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയാണ് ഭർത്താവ്. അന്തരിച്ച ഗായകൻ കമുകറ പുരുഷോത്തമൻ സഹോദരനാണ്.
2008ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര, കേരള സംഗീത നാടക അക്കാദമികളുടെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1929 മേയ് 31ന് കന്യാകുമാരി ജില്ലയിൽപെട്ട തിരുവട്ടാർ കമുകറ വീട്ടിലാണ് ജനനം. മാതാപിതാക്കളായ പരമേശ്വരക്കുറുപ്പും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സംഗീതത്തിലെ ആദ്യ ഗുരുക്കൾ. ബിരുദപഠനത്തിനു പിന്നാലെ വിവാഹിതയായ പ്രഫ. ലീല ഓംചേരി ഡൽഹിയിലെത്തിയ ശേഷമാണ് സംഗീതത്തിൽ ഉപരിപഠനം പൂർത്തിയാക്കിയത്.
ഡൽഹി സർവകലാശാലയിൽ 35 വർഷം സംഗീതാധ്യാപികയായിരുന്ന അവർ 1994ലാണ് വിരമിച്ചത്.
മക്കൾ: ശ്രീദീപ് ഓംചേരി, ഡോ. ദീപ്തി ഓംചേരി ഭല്ല(ഡൽഹി സർവകലാശാല റിട്ട. പ്രഫസർ). മരുമക്കൾ: മധു, അരുൺ ഭല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.