നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 110 സീറ്റ് നേടും -മന്ത്രി റിയാസ്

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 110 സീറ്റ് നേടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭരണത്തെക്കുറിച്ചോ വികസനത്തെ കുറിച്ചോ ആർക്കും വിമർശനമില്ലെന്നും സർക്കാർ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു. എ.കെ. ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ തവണ എൽ.ഡി.എഫ് ജയിച്ച സീറ്റുകളിൽ വിജയിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ ചെറിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളും ഇത്തവണ നേടും. തദ്ദേശ തെരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ കണക്ക് പരിശോധിച്ചാൽ യു.ഡി.എഫിന് വലിയ ലീഡ് ഇല്ലാത്ത മണ്ഡലങ്ങൾ ഉൾപ്പെടെ പരിശോധന നടത്തിയപ്പോൾ 110 സീറ്റ് എൽ.ഡി.എഫിന് വിജയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ 13ൽ 13 സീറ്റും എൽ.ഡി.എഫിന് വിജയിക്കാനാകും. മണ്ഡലത്തിലെ സാധാരണ മനുഷ്യർ, വ്യാപാരികൾ കർഷകർ, യുവജനങ്ങൾ എന്നിവരുമായി സംവദിച്ചാണ് മുന്നോട്ടു പോകുന്നത്. കനഗോലു അല്ല ഏതു കോലു ആയാലും പൊതുജനങ്ങളുമായുള്ള ഇടപെടൽ ആണ് പ്രധാനം. കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ ആദർശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവർത്തിക്കുന്നത്? അയാളുടെ കഞ്ഞികുടി മുട്ടിക്കാൻ ഞാനില്ല -റിയാസ് പറഞ്ഞു.

156 കുടുംബ യോഗങ്ങളിലായി പതിമൂവായിരത്തിലേറെ പേരെ നേരിൽ കണ്ടു. ഒരിടത്തും ഭരണത്തെക്കുറിച്ചോ വികസനത്തെ കുറിച്ചോ വിമർശനം ഉയർന്നില്ല. സർക്കാർ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ് -മന്ത്രി വ്യക്തമാക്കി. നവീകരിച്ച മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - LDF will win 110 seats in the assembly elections says Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.