തലശ്ശേരി: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിപക്ഷം പരിശോധിക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജന് ഇത്തവണ ലഭിച്ച ഭൂരിപക്ഷം വലുതല്ല. 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷനേക്കാൾ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.എൻ. ഷംസീർ ജയിച്ചത്. എന്നാൽ, ഇത്തവണ മത്സരിച്ച കാരായി രാജന്റെ ഭൂരിപക്ഷം 20,523. കഴിഞ്ഞ തവണ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നേർക്കുനേർ മത്സരിച്ചത്. ബി.ജെ.പിക്ക് ആ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. എൻ.ഡി.എ സ്ഥാനാർഥിയായി എൻ. ഹരിദാസ് നൽകിയ പത്രിക സൂക്ഷ്മ പരിശോധനക്കൊടുവിൽ തള്ളുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 81,810, യു.ഡി.എഫ് 45,009 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില.
ഇടതു മുന്നണിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് തലശ്ശേരി. തലശ്ശേരി നഗരസഭയും, കതിരൂർ, എരഞ്ഞോളി, ന്യൂമാഹി, പന്ന്യന്നൂർ, ചൊക്ലി ഗ്രാമ പഞ്ചായത്തുകളും അടങ്ങിയതാണ് തലശ്ശേരി മണ്ഡലം. നഗരസഭയും പഞ്ചായത്തുകളും പതിറ്റാണ്ടുകളായി ഇടത് മേൽക്കോയ്മയിലാണ്. ഇത്തവണ മത്സര രംഗത്തുണ്ടായിരുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളായിരുന്നു. മണ്ഡലത്തിൽ ഇത്തവണ 1,84,015 വോട്ടർമാരാണുണ്ടായത്. ആകെ 1,44,287 ബാലറ്റുകളാണ് പെട്ടിയിലായത്. എൽ.ഡി.എഫിലെ കാരായി രാജന് 69,743 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിലെ കെ.പി. സാജുവിന് 49,220 ഉം, എൻ.ഡി.എയിലെ ഒ. നിധീഷിന് 22,754 ഉം വോട്ടുകൾ ലഭിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർഥി എ.സി. ജലാലുദ്ദീന്‍ 1444 വോട്ടുകൾ ലഭിച്ചു. അപരന്മാരായി മത്സര രംഗത്തുണ്ടായിരുന്ന വി.പി. രാജന് 69, വി.പി. സാജുവിന് 240, ഒ.പി. രാജന് 89 എന്നിങ്ങനെ വോട്ടുകൾ കിട്ടിയപ്പോൾ 728 വോട്ടുകൾ നോട്ടയിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് സ്ഥാനാർഥി കെ.പി. സാജുവിന് 4211 വോട്ടുകൾ കൂടുതൽ നേടാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇല്ലാതായപ്പോൾ അവരുടെ വോട്ടുകൾ ആരുടെ പെട്ടിയിലേക്കാണോ പോയത് എന്നത് ചികഞ്ഞു നോക്കേണ്ടിയിരിക്കുന്നു. ഇത്തവണ എൻ.ഡി.എ സ്ഥാനാർഥി ഒ. നിധീഷ് 22,754 വോട്ടുകൾ പെട്ടിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.