മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുന്നു
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലെ സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്ത സാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യു.എസ് സ്ഥാനപതിയുടെ ആദ്യ കേരള സന്ദർശനമാണിത്. ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽനിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിങ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ നിക്ഷേപാവസരങ്ങളും ഇരുവരും ചർച്ച ചെയ്തു. ചീഫ് സെകട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽകർ, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷ്, ജില്ല കലക്ടർ ജി. പ്രിയങ്ക എന്നിവരും സന്നഹിതിരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.