മുല്ലപ്പെരിയാറിൽനിന്ന് ജലം ഒഴുക്കി വിടാനുള്ള ഷട്ടർ തേനി ജില്ല കലക്ടർ തുറക്കുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് തമിഴ്നാട്. തേക്കടി ഷട്ടറിൽ നടന്ന പ്രാർഥനകൾക്കുശേഷം തേനി ജില്ല കലക്ടർ വൈദ്യനാഥനാണ് ജലം ഒഴുക്കിവിടാനുള്ള ഷട്ടർ തുറന്നത്. കമ്പം എം.എൽ.എ ജഗന്നാഥ മിശ്ര, എം.പി. തങ്കതമിഴ് ശെൽവം ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. അണക്കെട്ടിൽ നിലവിൽ 122.30 അടിയാണ് ജലനിരപ്പ്.
സെക്കൻഡിൽ 1526 ഘന അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 350 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്. ഈ ജലം ഉപയോഗിച്ച് കാർഷിക മേഖലയിലെ 14,707 ഏക്കറിൽ ആദ്യഘട്ട നെൽകൃഷി ആരംഭിക്കും. ജലം തുറന്നുവിടാൻ നിയമമന്ത്രി നിർമൽകുമാർ വരുമെന്നായിരുന്നു അറിയിപ്പെങ്കിലും അവസാന നിമിഷം മാറ്റി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട സ്ഥലത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഭൂമി കൈയേറിയതായി ജഗന്നാഥ മിശ്ര എം.എൽ.എ ആരോപിച്ചു. അണക്കെട്ടിന്റെ പാട്ടഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും കനാലിലെ ജലത്തിൽ മാലിന്യം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന തമിഴ്നാട് സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെയാണ് തേക്കടിയിലെത്തി കമ്പം എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.