തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാർക്കും ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്), ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) എന്നിവ മുഖേന നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് ആനുകൂല്യം.
ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുന്നതിലൂടെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇ.എസ്.ഐ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ഒരേ രീതിയിൽ നടപ്പാക്കപ്പെടുന്നില്ലെന്ന് സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചില സ്ഥാപനങ്ങളിൽ എച്ച്.ഡി.എസ് മുഖേന നിയമിച്ച ജീവനക്കാരുടെ നിർബന്ധിത ഇ.എസ്.ഐ വിഹിതം കൃത്യമായി അടക്കുന്നില്ലെന്നും ഇത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തി.
ഇതേതുടർന്നാണ് ജീവനക്കാർക്ക് ഗുണകരമായ ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയത്. ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശം നൽകി. നിലവിലെ ഇ.എസ്.ഐ രജിസ്ട്രേഷന്റെ സ്ഥിതി, പദ്ധതിയുടെ പരിധിയിൽ വരുന്ന അർഹരായ ജീവനക്കാരുടെ എണ്ണം, നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്തവരുടെ എണ്ണം, അർഹരായവർക്ക് ഇ.എസ്.ഐ ഉറപ്പാക്കാത്തതിന്റെ കാരണം, കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ വിവരം എന്നിവ അടങ്ങുന്ന സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.