തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം ആഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ സംസ്ഥാനത്ത് ലഭിച്ചത് 104 ശതമാനം അധികമഴ. ആദ്യവാരം 141.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് പെയ്തത് 289.2 മില്ലിമീറ്ററാണ്. ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ്.
കണ്ണൂർ ജില്ലയിൽ 187.9 മില്ലിമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് 464.7 മില്ലിമീറ്ററാണ് പെയ്തത്-147 ശതമാനം അധികം. 159.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ 395.9 മില്ലിമീറ്റർ മഴ ലഭിച്ചു. 148 ശതമാനം അധികം. കാസർകോട് ജില്ലയിൽ 87 ശതമാനം അധികമഴ ലഭിച്ചു. 202.3 മില്ലിമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് കാസർകോട്ട് പെയ്തത് 378.3 മില്ലിമീറ്ററാണ്. കോട്ടയം, പത്തനംതിട്ട, മാഹി എന്നിവിടങ്ങളിലും 300 മില്ലിമീറ്ററിലധികം പെയ്തു. ഏറ്റവും കുറവ് അധികമഴ വയനാട്ടിലാണ്-എട്ടു ശതമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. മഴക്ക് സാധ്യതയുള്ള ജില്ലകളിൽ കലക്ടർമാർ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജില്ലതലങ്ങളിലെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
സംസ്ഥാനത്ത് 408 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,644 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ -115, ആലപ്പുഴയിൽ -132, കോട്ടയത്ത് -129, ഇടുക്കിയിൽ -11, തൃശൂരിൽ -ആറ്, വയനാട് -അഞ്ച്, കോഴിക്കോട്ട് -നാല്, മലപ്പുറത്ത് -മൂന്ന്, കണ്ണൂരിൽ -രണ്ട്, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ ക്യാമ്പുകളില്ല.
മഴക്കെടുതിയിൽ 31 മരണം സ്ഥിരീകരിച്ചു. ആലപ്പുഴ -ആറ്, കോട്ടയം -അഞ്ച്, തിരുവനന്തപുരം -മൂന്ന്, മലപ്പുറം, കണ്ണൂർ -നാലുവീതം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് -രണ്ടുവീതം, കൊല്ലം, എറണാകുളം, പാലക്കാട് -ഒന്നുവീതം എന്നിങ്ങനെയാണ് ജില്ലതിരിച്ച കണക്ക്. നാലുപേരെ കാണാതായതായി. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേരെയും കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുന്നു. സംസ്ഥാനത്ത് 74 വീടുകൾ പൂർണമായും 784 വീടുകൾ ഭാഗികമായും തകർന്നു. ഭാഗികമായി തകർന്ന വീടുകളിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ -153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.