തിരുവനന്തപുരം: നവകേരള സദസ്സിലൂടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിൽ ഒരുപടി മുന്നിലെത്താനായി എന്നതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. സർക്കാർ പരിപാടിയായി തുടങ്ങി, തനി രാഷ്ട്രീയ സദസ്സായി പര്യവസാനിച്ചെങ്കിലും പ്രതിപക്ഷവുമായി നേർക്കുനേർ ഏറ്റുമുട്ടുകയും സമാനതകളില്ലാത്ത സംഘർഷങ്ങൾക്ക് തുടക്കമിടുകയും ചെയ്തതോടെ നവകേരള സദസ്സിനും മുമ്പും ശേഷവും എന്ന് വിശേഷിപ്പിക്കാൻ കഴിയുംവിധത്തിൽ കേരള രാഷ്ട്രീയം രൂപവും ഭാവവും മാറുകയാണ്.
ധൂർത്തും ആഡംബരവുമെന്ന കനമില്ലാത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു തുടക്കം മുതൽ പ്രതിപക്ഷത്തിന്റെ ബഹിഷ്കരണ ലൈൻ. എന്നാൽ, കല്യാശ്ശേരി മുതൽ തുടങ്ങിയ കരിങ്കൊടി പ്രതിഷേധവും അതിനെ സർക്കാറും പാർട്ടിയും നേരിട്ട വിധവും പ്രതിപക്ഷത്തിന് വഴി തുറന്നു. കൊല്ലത്തെത്തിയതോടെ ‘അടിക്ക് തിരിച്ചടി’ എന്ന പ്രതിരോധ ലൈനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിരോധം വളർന്നു.
തിരുവനന്തപുരത്ത് മൂന്നു ദിവസങ്ങളിൽ അരങ്ങേറിയ തെരുവുയുദ്ധവും ഇവയുടെ മുൻനിരയിൽ പ്രതിപക്ഷ നേതാവ് അടക്കം നിലയുറപ്പിക്കുകയും ചെയ്തതിലൂടെ കോൺഗ്രസിലും പോഷക സംഘടനകളിലുമുണ്ടായ ആവേശവും ആത്മവിശ്വാസവും അപ്രതീക്ഷിതം. ഫലത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം എന്ന ലക്ഷ്യവുമായി സി.പി.എം തുടങ്ങിയ നവകേരള സദസ്സ്, അറിഞ്ഞോ അറിയാതെ ഇതേ ലക്ഷ്യത്തിലെക്കെത്താൻ കോൺഗ്രസിനും വഴിയും പ്രചോദനവുമായി എന്നതാണ് വസ്തുത.
സംസ്ഥാനത്തെ സാമ്പത്തികമായി ഉപരോധിക്കുന്ന കേന്ദ്ര നിലപാടുകൾ ജനസമക്ഷമെത്തിക്കാനായി എന്നതാണ് സി.പി.എം വിലയിരുത്തൽ. ഒപ്പം സംസ്ഥാനത്തിന്റെ പൊതുതാൽപര്യങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന കേന്ദ്രത്തിനെതിരെ കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതടക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ അജണ്ട കൂടി നിശ്ചയിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി ആരോപണം, വിലക്കയറ്റം, എ.ഐ കാമറ-കെ-ഫോൺ വിവാദങ്ങൾ എന്നിവ മറികടക്കാനായി എന്നും പാർട്ടി കരുതുന്നു. രണ്ടു പുതിയ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ അഴിച്ചു പണിയുന്നതോടെ പുതിയ ഉർജം വരുമെന്നാണ് പ്രതീക്ഷ.
നിലവിൽ 18 സീറ്റാണ് കേരളത്തിൽ യു.ഡി.എഫിനുള്ളത്. ബി.ജെ.പിക്കെതിരെയുള്ള നിർണായക പോരാട്ടത്തിൽ പരമാവധി സീറ്റുകൾ സമാഹരിക്കാൻ കോൺഗ്രസിനെ സംബന്ധിച്ച് അതി നിർണായകം.
സർക്കാറിനെതിരെ നവകേരള സദസ്സോടെ തുറന്ന് കിട്ടിയ പ്രക്ഷോഭ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നീക്കം. കരിങ്കൊടി സമരക്കാരെ ഡി.വൈ.എഫ്.ഐ നേരിട്ടത് സി.പി.എമ്മിന് തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.