പ്ലീഡർ നിയമനം: മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ്; ഭിന്നത രൂക്ഷം

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. കെ.എസ്.യു ഉന്നയിച്ച പരാതികൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ട രീതിയെ ചോദ്യം ചെയ്ത് ലോയേഴ്സ് കോൺഗ്രസ് തന്നെ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. പ്ലീഡറായി നിയമിതയായ ജിയോണ ജെയിംസ് സംഘടനയുടെ സജീവ പ്രവർത്തകയല്ലെന്നും നിയമനത്തിന് സ്വീകരിച്ച മാനദണ്ഡം വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

ജിയോണ ജെയിംസിന്റെ നിയമനത്തിനെതിരെ കെ.എസ്.യു നൽകിയ പരാതി, അവർ ലോയേഴ്സ് കോൺഗ്രസിന്റെ നോമിനിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി തള്ളിയിരുന്നത്. എന്നാൽ, സംഘടന സമർപ്പിച്ച പാനലിൽ ജിയോണയുടെ പേര് വളരെ താഴെയായിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഇതോടെ മുഖ്യമന്ത്രിയുടെ വാദങ്ങൾ സംഘടന തന്നെ തള്ളുന്ന സാഹചര്യമുണ്ടായി. ലോയേഴ്സ് കോൺഗ്രസ് നേതാവും സ്റ്റേറ്റ് അറ്റോർണിയുമായ അനൂപ് നായരാണ് ജിയോണയുടെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന. കൂടാതെ ഡീൻ കൂര്യാക്കോസ് എം.പിയും ഇവരെ പിന്തുണച്ചിരുന്നതായി വിവരമുണ്ട്. സംഘടനയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചതാണ് നിലവിലെ അമർഷത്തിന് കാരണം.

ലോയേഴ്സ് കോൺഗ്രസിന്റെ പുതിയ നിലപാട് കെ.എസ്.യുവിന്റെ ആക്ഷേപങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് നേരത്തെ അനുമതി നിഷേധിക്കപ്പെട്ട കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനായി വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ അതിരുവിടുന്നത് തടയാൻ കെ.പി.സി.സി കർശന നിർദ്ദേശം നൽകി. നേതാക്കൾ തമ്മിലുള്ള പരസ്യമായ പോര് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി വക്താക്കൾ ഔദ്യോഗിക നയം മാത്രമേ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രകടിപ്പിക്കാവൂ എന്നും, ഭിന്നാഭിപ്രായങ്ങൾ പാർട്ടി വേദികളിൽ മാത്രമായി ഒതുക്കണമെന്നും മീഡിയ ചുമതലയുള്ള ദീപ്തി മേരി വർഗീസ് സർക്കുലറിലൂടെ കർശന നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തരമായി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യവും ഒരുവിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്.

ജിയോണ തോമസ് 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുക്കുന്നത്. യു.ഡി.എഫുകാരല്ലാത്തവരെ പ്ലീഡര്‍മാരാക്കിയത് പിന്‍വലിക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്നും വഴിയിലൂടെ പോകുന്ന എസ്.എഫ്.ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സർക്കാറിനില്ലെന്നും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ.എസ്.യുവിനുവേണ്ടി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. കെ.എസ്.യുക്കാരെ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അലോഷ്യസ് പറഞ്ഞു.

Tags:    
News Summary - Lawyers Congress rejects CM's argument on pleader appointment, rift deepens in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.