ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു.

ലോ അക്കാദമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ മന്ത്രിയുടെ നിർദേശം.

ലോ കോളജും അതിനായി വിട്ടുകൊടുത്ത ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും കെ.പി.സി.സി നിര്‍വാഹക സമിതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാറിന്  വി.എസ് കത്തും നൽകിയിരുന്നു.

ലോ അക്കാദമിക്കുള്ളിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പറിനായി കോര്‍പറേഷന്‍ അദാലത്തില്‍ അക്കാദമിക്കുവേണ്ടി ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായർ തിങ്കളാഴ്ച അപേക്ഷ നൽകിയിരുന്നു‍. എന്നാല്‍, മേയര്‍ വി.കെ. പ്രശാന്തും മന്ത്രി കെ.ടി. ജലീലും ഉള്‍പ്പെട്ട സംഘം ഈ അപേക്ഷ സ്വീകരിച്ചില്ല. അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് അപേക്ഷ നല്‍കിയത്. ക്രമക്കേട് ഉണ്ടെന്ന് കണ്ടതിനാലാകണം കെട്ടിട നമ്പര്‍ നല്‍കാത്തതെന്നാണ് വിവരം.

1968ലാണ് ലോ അക്കാദമി ലോ കോളജിന് മൂന്നു വര്‍ഷത്തെ പാട്ടത്തിനു സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഗവര്‍ണര്‍ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെ.ആര്‍ ഗൗരി, വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ, ഹൈകോടതി ജഡ്ജിമാര്‍ എന്നിവര്‍ അംഗംങ്ങളുമായ ട്രസ്റ്റിന് ഭൂമി കൈമാറിയെന്നാണ് നിയമസഭയില്‍ നല്‍കിയ വിശദീകരണം.

1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്ക് പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ചു. അത് കെ. കരുണാകരന്‍ 1985ല്‍ പതിച്ചു നല്‍കി. 1972ല്‍ നേരിട്ടുള്ള ശമ്പള ഉടമ്പടിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ലോ അക്കാദമി വിട്ടു നിന്നു. പില്‍ക്കാലത്ത് ട്രസ്റ്റ് ഡോ. എന്‍. നാരായണന്‍ നായരുടെ കുടുംബത്തിന് പ്രാതിനിധ്യമുള്ളതായി. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ ഏക അണ്‍എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ലോ അക്കാദമി. 

Tags:    
News Summary - law academy land issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.