ലോ അക്കാദമി: അവിഹിതനീക്കങ്ങള്‍ തടഞ്ഞതിന് നടപടിക്ക് വിധേയരായത് അരഡസന്‍ ഉദ്യോഗസ്ഥര്‍ 

തിരുവനന്തപുരം: ലോ അക്കാദമിയുടെ അവിഹിത ഇടപെടലുകള്‍ ചോദ്യം ചെയ്തതിന് കേരള സര്‍വകലാശാലയില്‍ നടപടിക്ക് വിധേയരാവുകയോ പദവി ഉപേക്ഷിച്ച് പോവുകയോ ചെയ്യേണ്ടിവന്നത് അരഡസനോളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്. 

ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരോ ബന്ധുക്കളോ എക്കാലത്തും സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ സാന്നിധ്യമായിരുന്നു. ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് പണികൊടുത്തു. ലോ അക്കാദമിയില്‍ മാത്രം എല്‍എല്‍.ബി റാങ്കുകള്‍ പിറക്കുന്ന സൂത്രവിദ്യക്ക് തടസ്സമായ പരീക്ഷകണ്‍ട്രോളര്‍മാരെ പിന്നെ ആ കസേരയില്‍ അക്കാദമിലോബി ഇരുത്തിയിട്ടില്ല. എല്‍എല്‍.ബി പരീക്ഷനടത്തിപ്പില്‍ ലോ അക്കാദമിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന് പരീക്ഷകണ്‍ട്രോളര്‍ കസേരയാണ് മീരാന്‍ മാലിക്ക് മുഹമ്മദിന് നഷ്ടമായത്. നാരായണന്‍ നായര്‍ അംഗമായ സിന്‍ഡിക്കേറ്റ് ഇദ്ദേഹത്തെ ഇല്ലാത്ത കുറ്റം ചുമത്തി എസ്റ്റേറ്റ് ഓഫിസര്‍ തസ്തികയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് സര്‍വകലാശാല പരീക്ഷകണ്‍ട്രോളറായി നിയമനം ലഭിച്ച് എത്തിയ ഡോ. ബാലചന്ദ്രന് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കും മുമ്പ് പദവി ഉപേക്ഷിച്ച് പോകേണ്ടി വന്നു. സര്‍വകലാശാല രജിസ്ട്രാര്‍ ആയിരുന്ന ഡോ. സിദ്ധാര്‍ഥന്‍ ലോ അക്കാദമി കോക്കസിന്‍െറ കണ്ണിലെ കരടായതോടെ കോളജ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ പദവിയിലേക്ക് തരംതാഴ്ത്തി. ഫിനാന്‍സ് ഓഫിസറായിരുന്ന പ്രഫ. ഉദയരാജനും പദവി ഉപേക്ഷിച്ചുപോയ ഉദ്യോഗസ്ഥനാണ്. പബ്ളിക്കേഷന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. ഫസലുദ്ദീനെ പിരിച്ചുവിട്ടാണ് പക തീര്‍ത്തത്. ഹൈകോടതിയെ സമീപിച്ച ഫസലുദ്ദീന്‍ അനുകൂല ഉത്തരവുമായി തിരികെയത്തെി. 

സര്‍വകലാശാലയുടെ പാഠപുസ്തകങ്ങളുടെ വിതരണാവകാശം എന്‍.ബി.എസിനും വിദ്യാര്‍ഥിമിത്രത്തിനും ആയിരുന്നു. ഇത് റദ്ദാക്കി നാരായണന്‍ നായര്‍ പ്രസിഡന്‍റായ യൂനിവേഴ്സിറ്റി സഹകരണസംഘത്തിന് കൈമാറി. 15 ശതമാനം കമീഷന്‍വ്യവസ്ഥയിലായിരുന്നു കോടികളുടെ പുസ്തക ഇടപാട് സഹകരണസംഘത്തിന്‍െറ നിയന്ത്രണത്തിലേക്ക് പോയത്. ലോ അക്കാദമി ഡയറക്ടറുടെ അനന്തിരവനും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. ജയകുമാറിനെതിരായ പരാതി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശരിയെന്ന് കണ്ടത്തെിയെങ്കിലും തേച്ചുമായ്ച്ചുകളയുകയായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു. 

Tags:    
News Summary - law academy contreversory continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT