???????????? ?????????? ????????????? ???????? ????????????????????? ?????? ????????

അതിരപ്പിള്ളിയിൽ ഉരുൾപ്പൊട്ടൽ; കല്ലുകളും മരങ്ങളും ഒഴുകിയെത്തി

അതിരപ്പിള്ളി (തൃശൂർ): അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപ്പൊട്ടൽ. ശനിയാഴ്ച രാത്രി ഒമ്പതിന്​ കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചതോടെയാണ് വിവരം അറിഞ്ഞത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ടായിരുന്നു. 

എന്നാൽ, ജലപ്രവാഹം കഴിഞ്ഞ പ്രളയകാലത്തെ പോലെ ആനമല റോഡിലേക്ക് ഉയർന്നിട്ടില്ല. നാശനഷ്​ടങ്ങളെ കുറിച്ച് കാര്യമായ വിവരങ്ങൾ വ്യക്തമല്ല. അതിരപ്പിള്ളി വനമേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നതെന്ന്​ കരുതുന്നു. ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. 

രാത്രിയായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വനപാലകർ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്​. കണ്ണംകുഴിപ്പാലത്തിന് അടിയിലൂടെ അനിയന്ത്രിതമായ ജലപ്രവാഹം പുറപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ അതിരപ്പിള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

വനപാലകരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഉരുൾപ്പൊട്ടൽ വിവരം ലഭിച്ചത്. ശനിയാഴ്ച ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുലം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. വെള്ളം ഒഴുകിയെത്തുന്നത് ചാലക്കുടിപ്പുഴയിലേക്കാണ്. ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - land slide in athirappilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.