സെക്രട്ടറിയേറ്റ് തിരുവനന്തപുരം
തൊടുപുഴ: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ഇടുക്കിയടക്കം മലയോര മേഖലകളിൽ ഭൂസംബന്ധമായ വിഷയങ്ങൾ വീണ്ടും ചർച്ചയാകുന്നു. 1964 ലെ ഭൂപതിവ് ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമായി പതിച്ച് നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലെ നിയമ പ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ഭൂ പതിവ് നിയമ ഭേദഗതിയുടെ ലക്ഷ്യം.
പതിച്ചുകിട്ടിയ ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും കൃഷിക്കും ഗൃഹനിര്‍മാണത്തിനും മറ്റുമായി പതിച്ച് നല്കിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റാവശ്യങ്ങൾക്ക് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് ഇതിലൂടെ നടപ്പാക്കുക. ഇടുക്കിയിൽ ഭൂപതിവ് ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായതോടെ പ്രതിപക്ഷവും ഭരണ പക്ഷവും കർഷക സംഘടനകളും സമാനതകളില്ലാത്ത സമരം നടത്തിയതും കോടതി ഇടപെടലുമാണ് ഭൂപതിവ് നിയമഭേദഗതി ബില്ലിന് പ്രേരണയായത്.
2016 ൽ മൂന്നാറിലെ എട്ട് വില്ലേജുകളിൽ കെട്ടിട നിർമാണത്തിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവാണ് ഭൂ പ്രശ്നങ്ങളുടെ തുടക്കം. കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട നടപടിയുടെ ഭാഗമായായിരുന്നു മൂന്നാറിലെ നിയന്ത്രണം. ഇതിന് പിന്നാലെ 2019 ൽ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരെ ചിലർ കോടതിയെ സമീപിച്ചതോടെ നിയന്ത്രണം സംസ്ഥാനത്ത് മുഴുവൻ ബാധകമാക്കി.
2023 ജനുവരി 10 ന് ചേർന്ന ഉന്നത തല യോഗത്തിൽ 1960ലെ ഭൂപതിവ് നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 2023 സെപ്റ്റംബർ 14നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി പാസാക്കുന്നത്. ഇതിനിടെ ഗവർണർ-സർക്കാർ പോര് ഉണ്ടായതോടെ ബിൽ ഒപ്പിടാൻ വൈകി. 2024 ഏപ്രിൽ 27നാണ് ഗവർണർ ഒപ്പ് വെച്ചത്. തുടർന്നും റവന്യു, നിയമ വകുപ്പുകൾ തമ്മിലെ ആശയക്കുഴപ്പം മൂലം ചട്ടരൂപവത്കരണം വൈകി. പുതിയ ചട്ടങ്ങൾ 1993 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു നിയമ വകുപ്പ് മുന്നോട്ട് വെച്ച ആശങ്ക.
അതിനിടെ, ചട്ട രൂപവത്കരണം സർക്കാരിന് മലയോരജനതയെ കൊള്ളയടിക്കാൻ നിയമപരമായി അനുമതി നൽകുന്നതും അഴിമതിക്ക് കളമൊരുക്കുന്നതുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അതേപടി നിലനിൽക്കുമ്പോൾ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല വിഷയം സങ്കീർണമാക്കി അതിൽ നിന്നുളള പണ സമ്പാദനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.