ഭൂമി കൈമാറ്റ രജിസ്ട്രേഷനില്‍ വന്‍കുറവ്

തിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സംസ്ഥാനത്തെ വസ്തു കൈമാറ്റ രജിസ്ട്രേഷന്‍ വന്‍തോതില്‍ കുറഞ്ഞു. ഒക്ടോബറില്‍ 71,944 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതുവഴി 243 കോടിയോളം രൂപയാണ് രജിസ്ട്രേഷന്‍ വകുപ്പിന് ലഭിച്ചത്.
എന്നാല്‍ നവംബറില്‍ 43,728 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവഴി 143കോടി രൂപയാണ് വരുമാനം. ഇതില്‍ 40 ശതമാനത്തോളം രജിസ്ട്രേഷനും എട്ടാം തീയതിക്കുമുമ്പാണ് നടന്നത്.
ഭൂമി കൈമാറ്റ രജിസ്ട്രേഷനില്‍ വന്‍കുറവ് നേരിട്ടിട്ടും സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിച്ചിട്ടില്ല. നികുതിയിനത്തില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ധന സെക്രട്ടറിയും മന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപനമിറക്കിയിട്ടും രജിസ്ട്രേഷന്‍ വകുപ്പില്‍ നടപ്പായില്ല. ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, അണ്ടര്‍ വാല്വേഷന്‍ പിഴ എന്നിവക്കൊന്നും തന്നെ അസാധു നോട്ടുകള്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വാങ്ങിയില്ല.
ഇതു കാരണം രജിസ്ട്രേഷനായി നാണയത്തുട്ടുകള്‍ ചാക്കില്‍കെട്ടിവരെ എത്തിച്ചിരുന്നു.
ദിനംപ്രതി ശരാശരി 10 മുതല്‍ 25 ആധാരങ്ങള്‍ നടക്കുന്ന ഓഫിസുകളില്‍ നോട്ടുകള്‍ അസാധുവാക്കിയശേഷം ശരാശരി രണ്ടു മുതല്‍ അഞ്ചുവരെ ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
കരാര്‍ എഴുതിയ ഭൂവുടമകള്‍ അസാധു നോട്ടുകള്‍ വാങ്ങാതായതും വസ്തു വാങ്ങുന്നവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിക്കാന്‍ കഴിയാതായതുമാണ് രജിസ്ട്രേഷനില്‍ വന്‍ ഇടിവുണ്ടായത്. ഈ സാഹചര്യത്തിലും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കുന്ന ആധാരങ്ങളുടെ രജിസ്ട്രേഷന്‍, രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ അകാരണമായി  നിഷേധിക്കുന്നതായും പരാതിയുണ്ട്.
Tags:    
News Summary - land registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.