പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകളുമായി ആലോചിക്കാതെ കരട് ചട്ടം വിജ്ഞാപനം ചെയ്തുവെന്ന വിമർശനങ്ങൾ ‘തെളിവ്’ നിരത്തി നിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി. ലേബർ കോഡ് ഉയർത്തുന്ന ആശങ്കകൾ ചർച്ച ചെയ്യാനും തുടർ നടപടികൾക്കുമായി ഓൺലൈനായി ചേർന്ന തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗ ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് കരട് ചട്ടം രൂപവത്കരിച്ച സാഹചര്യം മന്ത്രി വിശദീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് തൊഴിൽ വകുപ്പ് നടത്തിയ ശിൽപശാലയുടെ നോട്ടീസും പരിപാടിയിൽ പങ്കെടുത്തവർ ഒപ്പിട്ട രജിസ്റ്ററിന്റെ പകർപ്പും മന്ത്രി ഹാജരാക്കി. ലേബർ കോഡ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രം സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കേരളത്തിൽനിന്ന് മിനി ആന്റണിയാണ് പങ്കെടുത്തത്. യോഗത്തിൽ ലേബർ കോഡിന്റെ കരട് സംസ്ഥാനങ്ങൾ തയാറാക്കണമെന്ന് കേന്ദ്രം കർശന നിർദേശം നൽകി. തുടർന്ന് ഉദ്യോഗസ്ഥ തലത്തിൽ കരട് തയാറാക്കി. സർക്കാർ അംഗീകാരത്തിനായി ഫയൽ വന്നപ്പോൾ പൊതുജനാഭിപ്രായം തേടാനും തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാനും നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2022 ജൂലൈ രണ്ടിന് ശിൽപശാല നടത്തിയത്. എളമരം കരീം, അഡ്വ. സജി, കെ.എൻ. ഗോപിനാഥ് (സി.ഐ.ടി.യു), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), വി.ജെ. ജോസഫ്, പി.എസ്. പ്രശാന്ത്, കൃഷ്ണവേണി ശർമ (ഐ.എൻ.ടി.യു.സി), സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ബി.എം.എസ്), റഹ്മത്തുല്ല (എസ്.ടി.യു) തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു. കരട് ലേബർ കമീഷണറുടെ വെബ്സൈറ്റിലും നൽകി. തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് ശിൽപശാല മന്ത്രിയെ ചുമതലപ്പെടുത്തി. എന്നാൽ, കേന്ദ്ര സർക്കാർ ഒരുകാരണവശാലും ലേബർ കോഡിന്റെ കാര്യത്തിൽ വഴങ്ങുന്ന ലക്ഷണമില്ലെന്ന് മനസ്സിലാക്കി കേരളം കഴിഞ്ഞ മൂന്ന് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കരട് ഇവിടെ കെട്ടിവെച്ചിട്ടുണ്ട്. ഒരു അനക്കവുമുണ്ടാവില്ല. അത് ഇനിയും കരടായി ഇവിടെത്തന്നെ ഇരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ കരട് ചട്ടം കേരളം വിജ്ഞാപനം ചെയ്തതിൽ വിമർശം ഉയർന്നു. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് എ.ഐ.ടി.യു.സിയും അറിയിച്ചു. എളമരം കരീം, ടി.പി. രാമകൃഷ്ണൻ (സി.ഐ.ടി.യു), ആർ. ചന്ദ്രശേഖരൻ, വി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി), കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി), വി. രാധാകൃഷ്ണൻ (ബി.എം.എസ്), ബാബു ദിവാകരൻ (യു.ടി.യു.സി), അഡ്വ. റഹ്മത്തുല്ല (എസ്.ടി.യു), സോണിയ ജോർജ് (സേവ), ടോമി മാത്യു (എച്ച്.എം.എസ്) തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറി ഷാനവാസ്, ലേബർ കമീഷണർ സഫ്ന നസറുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.