മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി പിൻവലിക്കണം -കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: സൈബർ അതിക്രമം തടയാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരം നൽകുന്നതാണ് ഇൗ ഭേദഗതിയെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഏതുവിധത്തിലുള്ള വാർത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമവ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യത ഉൾക്കൊള്ളുന്നതാണ്. പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക.

തീർത്തും ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാവണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.