തൃശൂർ: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിനെതിരെ കോടി രൂപയുടെ വായ്പ തട്ടിപ്പ് പരാതിയുമായി റിസോർട്ട് ഉടമ. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരുകോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നെന്ന് റിസോര്‍ട്ട് ഉടമ രായിരത്ത് സുധാകരന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നാലുപേരുടെ വ്യാജ വിലാസത്തിലാണ് ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരുകോടി തട്ടിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള റിസോര്‍ട്ടിന്മേല്‍ സി.എസ്.ബി ബാങ്കില്‍ 72.5 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ബാങ്ക് ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്ന് പറഞ്ഞ് മാള സ്വദേശി അനില്‍ മേനോന് സമീപിച്ചിരുന്നുവെന്ന് രായിരത്ത് സുധാകരന് പറഞ്ഞു. മൂന്നര കോടി രൂപയുടേതായിരുന്നു ഇടപാട്. കുട്ടനെല്ലൂര്‍ ബാങ്കിലേക്ക് വായ്പ മാറ്റാന്‍ അനിൽ ആവശ്യപ്പെട്ടു. വലിയ തുകയുടെ ഇടപാടായതിനാല്‍ സമ്മതിക്കുകയായിരുന്നു. 60 ലക്ഷം രൂപ തന്റെയും അനിലിന്റെയും അനിലിന്റെ ഭാര്യയുടെയും പേരിൽ വായ്പയെടുത്തുവെന്ന് രായിരത്ത് സുധാകരന് പറയുന്നു.
ഇതിന് താൻ ഒപ്പിട്ടുനൽകുകയും ചെയ്തു. പിന്നീട് കരാര്‍ കാലാവധി തീരും മുമ്പ് കുടിക്കിട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരുകോടി രൂപ അധികമായി വായ്പയെടുത്തതായി ശ്രദ്ധയില്‍പെടുന്നത്. ഒരുകോടി എടുത്തത് നാല് വ്യാജ വിലാസങ്ങളിലാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തിൽ പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയതായി സുധാകരൻ അറിയിച്ചു.
സി.പി.എം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിലും പരാതി പറഞ്ഞിരുന്നു. ജില്ല സെക്രട്ടറി എം.എം. വർഗീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥത പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ് സുധാകരന്.
കുട്ടനെല്ലൂര്‍ ബാങ്കിന്റെ വായ്പ തട്ടിപ്പിന്റെ മറ്റൊരു ഇരയാണ് സുധാകരനെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും പറഞ്ഞു. എന്നാല്‍, സുധാകരന്റെ ആരോപണം ബാങ്ക് തള്ളി. വായ്പക്കാരെ സംഘടിപ്പ് വായ്പ നല്കുന്ന രീതി ബാങ്കിനില്ലെന്നായിരുന്നു ബാങ്ക് പ്രസിഡന്റ് റിക്സന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.