തൊടുപുഴ: ജോയിസ് ജോർജ് എം.പിയുടെ ഭൂമി ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂരിലെ ബ്ലോക്ക് 58 പ്രദേശം പൂർണമായി കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ ഭാഗമാക്കണമെന്ന് വനംവകുപ്പ് റിപ്പോർട്ട്. കുറിഞ്ഞി ഉദ്യാനം അളന്ന് തിട്ടപ്പെടുത്താൻ നീക്കം ആരംഭിച്ചതിന് പിന്നാലെയാണിത്. ചേർന്ന് കിടക്കുന്ന ബ്ലോക്ക് നമ്പര്‍ 62 ഭാഗികമായി ഏറ്റെടുക്കണമെന്നും മൂന്നാർ വൈല്‍ഡ് ലൈഫ് വാര്ഡന് ആർ. ലക്ഷ്മി സമർപ്പിച്ച റിപ്പോർട്ട് നിര്‍ദേശിക്കുന്നു.
മൂന്നാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തിെൻറ ഭാഗമായി അഡ്വക്കറ്റ് ജനറലിന് നല്കിയ നിജസ്ഥിതി റിപ്പോര്‍ട്ടിലാണ് ഈ ശിപാർശകൾ ഉള്‍പ്പെട്ടിട്ടുള്ളത്. ബ്ലോക്ക് 58-ല്‍ 151 തണ്ടപ്പേരുകളിലെ പട്ടയങ്ങളെല്ലാം വ്യാജമാണെന്നും റദ്ദാക്കി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിച്ചിട്ടുണ്ട്. 2006 ഒക്ടോബര്‍ ആറിലെ ആദ്യ ഉത്തരവുപ്രകാരം 3200 ഹെക്ടര്‍ ഭൂമിയാണ് കുറിഞ്ഞി ഉദ്യാനമായി നിശ്ചയിച്ചത്. എന്നാൽ, ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന വിസ്തൃതി 2230 ഹെക്ടര്‍ മാത്രമാണ്. 2009 ആഗസ്റ്റ് 27-ലെ തിരുത്തല്‍ വിജ്ഞാപനപ്രകാരം 58-ാം ബ്ലോക്കിലെ 1983 ഹെക്ടറും 62-ാം ബ്ലോക്കിലെ 247.721 ഹെക്ടറും ചേര്‍ന്നുള്ള ഭൂമിയാണിത്. അതായത് തിരുത്തല്‍ വിജ്ഞാപന പ്രകാരം 970 ഹെക്ടര്‍ ഭൂമി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് ഉദ്യാനവിസ്തൃതി 32 ചതുരശ്ര കിലോമീറ്റര്‍ എന്നത് 22.3 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങും.
ഹരിത ട്രൈബ്യൂണലിലെ കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി. പ്രസാദ് ദേശീയ ഹരിത ൈട്രബ്യൂണലിന് നൽകിയ ഹരജിയിൽ കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിജസ്ഥിതി റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡൻ എ.ജിക്ക് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.