യൂത്ത്​ ലീഗ്​ കഠ്​വ ഫണ്ട്​: ആരുടെയൊക്കെ അടിവേരായിരിക്കും മാന്തേണ്ടി വരിക -കെ.ടി. ജലീൽ

കോഴിക്കോട്​: കഠ്​വയിൽ എട്ടുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേസ്​ നടത്താൻ യൂത്ത്​ ലീഗ്​ പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണം ശരിയാണെന്ന്​ തെളിയുന്നതായി മന്ത്രി കെ.ടി. ജലീൽ. മലപ്പുറത്ത് നിന്ന് പിരിച്ചതിന്‍റെയും വിദേശത്ത് നിന്ന് വന്നതിന്‍റെയും കണക്കുകൾ കിട്ടാൻ ആരുടെയൊക്കെ അടിവേരായിരിക്കും മാന്തേണ്ടി വരികയെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

മുമ്പൊക്കെ കള്ളത്തരങ്ങൾ പൊളിയാൻ കുറേ സമയമെടുത്തിരുന്നു. ഇന്നത് എത്ര പെട്ടന്നാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത്. ഫണ്ട് തിരിമറിയുടെ നാൾവഴികൾ അറിയാൻ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിലെ (A/C No: 4257002100023770) അക്കൗണ്ട് നമ്പറിന്‍റെ 2018 ഏപ്രിൽ 20ന് ശേഷമുള്ള സ്റ്റേറ്റ്മെൻറ് മാത്രം പരിശോധിച്ചാൽ മതി -കെ.ടി. ജലീൽ പറഞ്ഞു.

കെ.എം. ഷാജിയുടെ കേസ്​ വാദിക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ഏർപ്പാടാക്കുകയും കഠ്​വ കേസിൽ മുബീൻ ഫാറൂഖിയെ നിയമിക്കുകയും ചെയ്​തതിലെ വിവേചനവും ജലീൽ ചൂണ്ടിക്കാട്ടി. 'ലീഗ് നേതാവ് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് കേസ് വാദിക്കാൻ കപിൽ സിബിൽ! കഠ്​വയിൽ പിച്ചിച്ചീന്തപ്പെട്ട് എരിഞ്ഞെരിഞ്ഞമർന്ന പെൺകുട്ടിക്കായി കേസില്ലാ വക്കീലായ മുബീൻ ഫാറൂഖി!! എന്തൊരു സമുദായ സ്നേഹം!!! പകരം വെക്കാനില്ലാത്ത പാർട്ടി തന്നെ. സമ്മതിച്ചു'' എന്നായിരുന്നു പരിഹാസം. ആരെങ്കിലും ഇ.ഡിക്ക് പരാതി കൊടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കാനാകുമെന്നും ജലീൽ പറഞ്ഞു.

ഫേസ്​ ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:


മുമ്പൊക്കെ കള്ളത്തരങ്ങൾ പൊളിയാൻ കുറേ സമയമെടുത്തിരുന്നു. ഇന്നത് എത്ര പെട്ടന്നാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത്. കത്വ ഫണ്ട് തിരിമറിയുടെ നാൾവഴികൾ അറിയാൻ കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് നമ്പറിൻ്റെ (A/C No: 4257002100023770) 2018 ഏപ്രിൽ 20 ന് ശേഷമുള്ള സ്റ്റേറ്റ്മെൻ്റ് മാത്രം പരിശോധിച്ചാൽ മതി.

കീഴ്ഘടകങ്ങൾ മുഖേന മേൽകമ്മിറ്റികൾ കയ്യോടെ വാങ്ങിയ സംഖ്യയുടെ കണക്കറിയാൻ പിരിവിന് നേതൃത്വം നൽകിയ നേതാക്കളുടെ അക്കൗണ്ടുകളും പരിശോധിക്കേണ്ടിവരും. മലപ്പുറത്ത് നിന്ന് പിരിച്ചതിൻ്റെയും വിദേശത്ത് നിന്ന് വന്നതിൻ്റെയും കണക്കുകൾ കിട്ടാൻ ആരുടെയൊക്കെ അടിവേരായിരിക്കും മാന്തേണ്ടി വരിക? കാത്തിരുന്ന് കാണാം. ഏതായാലും ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!

എത്ര രൂപ ഏതൊക്കെ തിയ്യതികളിൽ വന്നു, ഏതൊക്കെ തിയ്യതികളിൽ ആർക്കൊക്കെ പണം കൊടുത്തു, ചെക്കായിട്ടാണ് രൂപ നൽകിയതെങ്കിൽ ഏതു ബാങ്കിൽ നിന്ന് ആരുടെ അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചത്, തുടങ്ങി എല്ലാ കാര്യങ്ങളും അക്കൗണ്ടിൻ്റെ സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചാൽ നിഷ്പ്രയാസം അറിയാം.

അന്വേഷണസംഘം വെടുപ്പിൽ അത് ചെയ്യുകതന്നെ ചെയ്യും. പബ്ലിക്ക് പ്രോസിക്യൂട്ടർമാർക്ക് കൈക്കൂലി നൽകിയെന്നാണത്രെ യൂത്ത്​ ലീഗ് നേതാക്കൾ, മുക്കിയ കാര്യം മൂടിവെക്കാൻ അടക്കം പറയുന്നത്. അങ്ങിനെയെങ്കിൽ നിജസ്ഥിതി അറിയാൻ പഠാൻകോട്ട് കോടതിയിലേയും ജമ്മു കോടതിയിലേയും പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണ പരിതിയിൽ അഡ്വ: മുബീൻ ഫാറൂഖിയേയും തീർച്ചയായും കൊണ്ടുവരുമെന്നുറപ്പ്.

പരാതി ആരെങ്കിലും ഇ.ഡിക്ക് കൊടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കാനാകും.
ലീഗ് നേതാവ് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് കേസ് വാദിക്കാൻ കപിൽ സിബിൽ! കത്വയിൽ പിച്ചിച്ചീന്തപ്പെട്ട് എരിഞ്ഞെരിഞ്ഞമർന്ന പെൺകുട്ടിക്കായി കേസില്ലാ വക്കീലായ മുബീൻ ഫാറൂഖി!! എന്തൊരു സമുദായ സ്നേഹം!!! പകരം വെക്കാനില്ലാത്ത പാർട്ടി തന്നെ. സമ്മതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.