ഭീകരവാദി എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട, സംഘ്പരിവാർ ഭീകരത നിർത്തുംവരെ നാവടക്കില്ല -കെ.ടി. ജലീൽ

മലപ്പുറം: ചാനൽ ചർച്ചയിൽ തന്നെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ. ഭീകരവാദി എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ടെന്നും സംഘ്പരിവാർ ഭീകരത നിർത്തുംവരെ നാവടക്കുന്ന പ്രശ്നമില്ലെന്നും ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ നടക്കുന്ന തോന്നിവാസങ്ങൾ വിളിച്ചു പറയുന്നവരെ ബി.ജെ.പി നേതാക്കൾ "ഭീകരവാദി" മുദ്ര കുത്തുമെന്ന് ഭയന്ന് ലീഗുൾപ്പടെയുള്ള സംഘടനകളും പ്രത്യേക ജാഗ്രതയിലാണ്. മടിയിൽ അവിഹിത സമ്പാദ്യത്തിൻ്റെ കനമുള്ളവരെല്ലാം മൗനത്തിൽ അഭയം തേടിയ കാഴ്ച ദയനീയം തന്നെ. കത്വ, ഉന്നാവോ പെൺകുട്ടികൾക്കായി നടത്തിയ പിരിവിലെ തട്ടിപ്പുകൾ എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നത് കൊണ്ടാകാം നാഴികക്ക് നാൽപത് വട്ടം പത്രസമ്മേളനം വിളിക്കുന്ന യുവ സിങ്കങ്ങളും കാണാമറയത്താണ്.

ഇ.ഡിയെ ഭയമില്ലാത്തവർക്കും "ഭീകരവാദി പട്ടത്തെ" പേടിയില്ലാത്തവർക്കും മാത്രമേ നാട്ടിൽ നടക്കുന്ന താന്തോന്നിത്തങ്ങളെ വിമർശിക്കാനും ജന മദ്ധ്യത്തിൽ തുറന്നു കാട്ടാനും സാധിക്കൂ. ആ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രസിദ്ധീകരണങ്ങളും മുന്നിലുണ്ട്. ഇത് നൽകുന്ന ആശ്വാസം ചെറുതല്ല.

ജനാധിപത്യ മാർഗത്തിൽ കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിക്കണം. പാർലമെൻറിനകത്തും പുറത്തും ജനാധിപത്യ വിരുദ്ധതക്കെതിരെ മതേതര ചേരിയിലെ എം.പിമാർ ശബ്ദിക്കണം. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചരിത്ര തമസ്കരണത്തിനെതിരെ രംഗത്ത് വരണം. അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടുവരണം. മതേതര ഇന്ത്യയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം’ -ജലീൽ അഭിപ്രായപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ​രൂപം:

"ഭീകരവാദി" എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട. സംഘ്പരിവാർ ഭീകരത നിർത്തുംവരെ നാവടക്കുന്ന പ്രശ്നമില്ല.

ലോകം മുന്നോട്ട് പോകുമ്പോൾ ഇന്ത്യ അതിവേഗം പിന്നോട്ടാണ് കുതിക്കുന്നത്. 800 വർഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാൻ മുഗൾ കാലമുൾപ്പടെ മുസ്ലിം രാജാക്കൻമാരുടെ ഭരണയുഗം എൻ.സി.ഇ.ആർ.ടിയുടെ പാഠ പുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാൻ കോൺഗ്രസ് ഉൾപ്പടെ മുഖ്യധാരാ മതേതര പാർട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നത്. രാഹുൽ ഗാന്ധിക്കായി പന്തം കൊളുത്തുകയും രാജ്ഭവൻ മാർച്ച് നടത്തുകയും ചെയ്ത മുസ്ലിംലീഗും അതീവ ഗൗരവമുള്ള ഈ വിഷയത്തിൽ മൗനത്തിലാണ്.

ആറു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽ നിന്നാണ് സുപ്രധാന വിവരങ്ങളും അദ്ധ്യായങ്ങളും എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയിരിക്കുന്നത്. മുഗൾ ചരിത്രത്തോടൊപ്പം ജനാധിപത്യത്തെയും ബഹുസ്വരതയെയും സമന്വയാത്മക സംസ്കാരത്തെയും പ്രതിപാദിക്കുന്ന പാഠ ഭാഗങ്ങൾ ഇനി മേലിൽ കുട്ടികൾക്ക് പഠിപ്പിക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനം.

ജനകീയ സമരങ്ങളെയും ജനകീയ പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന അദ്ധ്യായങ്ങളും മേലിൽ വിദ്യാർത്ഥികൾ പഠിക്കേണ്ടി വരില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം, ഗുജറാത്ത് വംശഹത്യ, ദളിതർ നേരിടുന്ന പീഡനവും വിവേചനവുമെല്ലാം ഒഴിവാക്കപ്പെട്ട ഭാഗങ്ങളിൽ ഉൾപ്പെടും.

ഈ കത്രിക വെക്കലിന് പിന്നാലെയാണ് ചരിത്ര സ്മാരകങ്ങളായ താജ്മഹലും കൂതുബ്മിനാറും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബി.ജെ.പി എം.എൽ.എ രൂപ്ജ്യോതി കുർമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. അവിടങ്ങളിൽ ക്ഷേത്രം പണിയണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകം ഇന്ത്യയെ പരിഹസിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് യഥാർത്ഥ രാജ്യസ്നേഹികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

പത്ര-ദൃശ്യ മാധ്യമങ്ങളുടെ മേൽ ഭരണകൂടം അടിച്ചേൽപ്പിച്ചിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ കാരണം രാജ്യത്ത് നടക്കുന്ന അരുതായ്മകൾ ബോധപൂർവം കണ്ടില്ലെന്ന് നടിക്കുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുകയാണ്.

ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ നടക്കുന്ന തോന്നിവാസങ്ങൾ വിളിച്ചു പറയുന്നവരെ ബി.ജെ.പി നേതാക്കൾ "ഭീകരവാദി" മുദ്ര കുത്തുമെന്ന് ഭയന്ന് ലീഗുൾപ്പടെയുള്ള സംഘടനകളും പ്രത്യേക ജാഗ്രതയിലാണ്. മടിയിൽ അവിഹിത സമ്പാദ്യത്തിൻ്റെ കനമുള്ളവരെല്ലാം മൗനത്തിൽ അഭയം തേടിയ കാഴ്ച ദയനീയം തന്നെ. കത്വ, ഉന്നാവോ പെൺകുട്ടികൾക്കായി നടത്തിയ പിരിവിലെ തട്ടിപ്പുകൾ എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നത് കൊണ്ടാകാം നാഴികക്ക് നാൽപത് വട്ടം പത്രസമ്മേളനം വിളിക്കുന്ന യുവ സിങ്കങ്ങളും കാണാമറയത്താണ്.

ഇ.ഡിയെ ഭയമില്ലാത്തവർക്കും "ഭീകരവാദി പട്ടത്തെ" പേടിയില്ലാത്തവർക്കും മാത്രമേ നാട്ടിൽ നടക്കുന്ന താന്തോന്നിത്തങ്ങളെ വിമർശിക്കാനും ജന മദ്ധ്യത്തിൽ തുറന്നു കാട്ടാനും സാധിക്കൂ. ആ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രസിദ്ധീകരണങ്ങളും മുന്നിലുണ്ട്. ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിലെ ലേഖനമുൾപ്പടെ മൂന്ന് വാർത്തകളാണ് സംഘപരിവാർ ഒളി അജണ്ടകളെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേശാഭിമാനിയുടെ കട്ടിംഗുകളാണ് ഇമേജിൽ.

ജനാധിപത്യ മാർഗ്ഗത്തിൽ കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിക്കണം. പാർലമെൻ്റിനകത്തും പുറത്തും ജനാധിപത്യ വിരുദ്ധതക്കെതിരെ മതേതര ചേരിയിലെ എം.പിമാർ ശബ്ദിക്കണം. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചരിത്ര തമസ്കരണത്തിനെതിരെ രംഗത്ത് വരണം. അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടുവരണം. മതേതര ഇന്ത്യയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം.

Tags:    
News Summary - KT Jaleel against BJP leader B gopalakrishnan's terrorist remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.