പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ വാർഷിക പരീക്ഷയോടൊപ്പം നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഇനി മുതൽ രണ്ടാം വർഷ പരീക്ഷയോടൊപ്പം മാർച്ചിൽ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.

നിലവിൽ ഈ പരീക്ഷകൾ രണ്ടാം വർഷ ക്ലാസുകൾക്കിടക്കാണ് നടത്തുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനത്തിലൂടെ രണ്ടു വർഷങ്ങളിലെ പരീക്ഷ ഒരുമിച്ച് എഴുതുന്നത് വിദ്യാർഥികൾക്ക് വലിയ സമ്മർദമുണ്ടാക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

രണ്ടാം വർഷ പരീക്ഷ എഴുതുന്ന കുട്ടി അടുത്ത ദിവസം ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് കൂടി തയാറെടുക്കേണ്ടി വരുന്നതുമൂലം രണ്ടു പരീക്ഷകളുടെയും പ്രകടനം മോശമാകാനും സാധ്യതയുണ്ട്.

ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം വൈകാനും ഇത് വഴിയൊരുക്കും. പ്ലസ് വൺ ഫലപ്രഖ്യാപനം സാധാരണ ജൂണിലാണ് നടത്താറുള്ളത്. എന്നാൽ പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ രണ്ടാം വർഷത്തോടൊപ്പം നടത്തിയാൽ പ്ലസ് വൺ മൂല്യനിർണയവും നടത്തിയ ശേഷമേ രണ്ടാം വർഷ ഫലപ്രഖ്യാപനം നടക്കുകയുള്ളൂ എന്നത് പ്രധാന പ്രശ്നമാണ്.

വിദ്യാർഥികൾക്ക് വലിയ സമ്മർദവും ആശങ്കയും സൃഷ്ടിക്കുന്ന പ്രായോഗികമല്ലാത്ത തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകുമെന്നും തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അറിയിച്ചു.

Tags:    
News Summary - KSU wants to withdraw the decision to conduct the Plus One improvement exam along with the annual exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.