കെ.എസ്.യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാർ, തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് -അലോഷ്യസ് സേവ്യർ, മുഖ്യമന്ത്രി ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ.എസ്.യു

തിരുവനന്തപുരം: കെ.എസ്.യു മുഖ്യമന്ത്രി പോര് മുറുകുന്നു. മുഖ്യമന്ത്രിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയിൽ പങ്കെടുത്തുവെങ്കിലും മുഖ്യമന്ത്രി മുഖം കൊടുത്തില്ല. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്ത് പോയി കാണാൻ ശ്രമിച്ചെങ്കിലും മുഖം നൽകാതെ കടന്നുപോവുകയായിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളജ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മുൻ വിദ്യാർഥികളായ ഇരുവരും പങ്കെടുത്തത്.

അതേസമയം, ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാറെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ചെയ്തതെന്നും അത് തെറ്റായി തോന്നുന്നില്ലെന്നും അത് ഇനിയും തുടരുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഞാൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നുള്ളതാണ്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇത് വിമർശനമായി കാണേണ്ടതല്ല. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി. മുഖ്യമന്ത്രി-കെ.എസ്.യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വി.ഡി. സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തുന്നത്. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തില്ല. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്.

ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഭിന്നതകൾ കൂടുതൽ രൂക്ഷമാവുകയാണ്. പ്ലീഡർ നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാൻ അനുമതി തേടിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. തിരക്കേറിയ ഷെഡ്യൂൾ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും വിഷയം പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

എസ്.എഫ്.ഐ മുൻ പ്രവർത്തകയായ ജിയോണ ജെയിംസ്, ആർ.എസ്.എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡി.എസ്. ശരത് എന്നിവരെ സീനിയർ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചതിനെതിരെയാണ് കെ.എസ്.യു പ്രതിഷേധം ഉയർത്തിയത്. എന്നാൽ, 'ഗവൺമെന്റ് പ്ലീഡർമാരെ നിശ്ചയിക്കുന്നതിൽ കെ.എസ്.യുവിന് എന്താണ് കാര്യം?' എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം കെ.എസ്.യു പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമായി.

Tags:    
News Summary - This government is the blood and sweat of KSU, it only pointed out the mistake - Aloysius Xavier, KSU reacts to the Chief Minister's indifference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.