കെ.എസ്.ആർ.ടി.സി സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കും

തിരുവനന്തപുരം: ഇന്ധനക്ഷാമത്തിന്‍റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി റദ്ദാക്കൽ ഞായറാഴ്ചയും തുടർന്നു. അവധിദിവസമായതിനാൽ നിരത്തുകളിൽ പൊതുവെ തിരക്ക് കുറവായിരുന്നെങ്കിലും, അത്യാവശ്യ യാത്രകൾക്കിറങ്ങിയവർ വെട്ടിലായി. വെള്ളിയാഴ്ച 50 ശതമാനവും ശനിയാഴ്ച 75 ശതമാനവും ഓർഡിനറികളാണ് വെട്ടിക്കുറച്ചതെങ്കിൽ ഞായറാഴ്ച ഇത് 90 ശതമാനത്തോളമായി.

അതേസമയം സ്വകാര്യപമ്പുകളില്‍നിന്ന് ഡീസല്‍ നിറച്ച് തിങ്കളാഴ്ച പരമാവധി ബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ മുടങ്ങാതിരിക്കാന്‍ പ്രതിദിന വരുമാനത്തില്‍നിന്ന് ഡീസല്‍ നിറയ്ക്കാന്‍ ഞായറാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ദിവസമായി പുറമെ നിന്നും ഡീസല്‍ നിറയ്ക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച യാത്രക്കാര്‍ ഏറെയുള്ള സ്ഥിതിക്ക് ബസുകള്‍ മുടങ്ങുന്നത് പരാതിക്കിടയാക്കുമെന്ന് കണ്ടാണ് ഈ ക്രമീകരണം. ദീര്‍ഘദൂര ബസുകള്‍ കൂടുതലുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം മുതലുള്ള ബസുകള്‍ മുടങ്ങാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പരമാവധി ബസുകള്‍ നിരത്തിലെത്തുമെന്നും അധികൃതര്‍ പറഞ്ഞു.

ഓർഡിനറികൾ വെട്ടിക്കുറച്ചത് പതിവുപോലെ ഗ്രാമീണ മേഖലകളെയാണ് ഏറെ പ്രതിസന്ധിയിലാക്കിയത്. ഞായറാഴ്ച പല റൂട്ടുകളിലും സ്വകാര്യ ബസുകളും ഓടാറില്ല. കെ.എസ്.ആർ.ടി.സിയുടെ വിട്ടുനിൽക്കൽ കൂടിയായതോടെ ഇവിടങ്ങളിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. ശനി മുതൽ ഞായർ വരെ ദിവസങ്ങളിലെ സർവിസ് വെട്ടിക്കുറക്കലിലൂടെ മിച്ചംപിടിച്ച ഡീസൽ കൊണ്ട് തിങ്കളാഴ്ച പൂർണാർഥത്തിൽ സർവിസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച ദീർഘദൂര സർവിസുകളടക്കം മൊത്തം ഷെഡ്യൂളുകളിൽ 50 ശതമാനം ബസുകള്‍ മാത്രമാണ് ഓടിയത്. വടക്കന്‍ മേഖലയില്‍ 30 ശതമാനം ബസുകളും.

1560 ഷെഡ്യൂളുകളുള്ള ദക്ഷിണമേഖലയില്‍ 886 എണ്ണം നിരത്തിലിറങ്ങി. മധ്യമേഖലയില്‍ 1347ല്‍ 797 ബസുകള്‍ ഓടി. ഇതിനിടെ സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. തുക കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്താൻ ബുധനാഴ്ച വരെ കാത്തിരിക്കണം. ഈ സാഹചര്യത്തിൽ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ വരുമാനം പൂര്‍ണമായും എണ്ണക്കമ്പനികള്‍ക്ക് നൽകി പ്രതിസന്ധി പരിഹരിക്കുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

Tags:    
News Summary - KSRTC will fill fuel from private pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.