പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസിൽ ഗവി ഉല്ലാസയാത്രക്ക് പോയി വനത്തിൽ കുടുങ്ങിയ യാത്രക്കാരെ തിരികെ എത്തിച്ചു. ചടയമംഗലത്ത് നിന്ന് ഗവിയിലേക്ക് പോയ 38 യാത്രക്കാരാണ് മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിക്കിടന്നത്. 11 മണിക്കാണ് ബസ് തകരാറിൽ ആകുന്നത്.
വൈകീട്ട് അഞ്ചരയോടെയാണ് തകരാർ പരിഹരിച്ച് ആളുകളെ ജനവാസമേഖലയിൽ എത്തിക്കാനായത്. കെ.എസ്.ആർ.ടി.സി 38 യാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. ഇവരെ തിരികെ ചടയമംഗലത്ത് എത്തിക്കാനാണ് ആലോചന. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നാണ് വിവരം.
ബസ് കേടായ വിവരം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഗവിയിലേക്കുള്ള യാത്രക്കിടെ മൂഴിയാറിൽ വനത്തിലാണ് സംഘം കുടുങ്ങിയത്. മണിക്കൂറുകൾ കാത്തിരുന്നതിനൊടുവിൽ കേടായ ബസിന് പകരം മറ്റൊരു ബസ് എത്തിയെങ്കിലും അതും തകരാറിലാകുകയായിരുന്നു.
പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷമാണ് സംഘം ഗവിയിലേക്ക് യാത്ര തിരിച്ചത്. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. വനാതിർത്തി കടന്ന് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു തങ്ങളെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.