തിരുവനന്തപുരം: യാത്രക്കാർ കൂടുന്ന ദിവസങ്ങൾ മുൻകൂട്ടി കണക്കാക്കി നിരക്ക് വർധിപ്പിക്കുന്ന ‘ഫ്ലക്സി ഫെയർ’ സംവിധാനത്തിൽ യാത്രക്കാരുടെ കൈപൊള്ളിക്കുന്ന പുതിയ പരിഷ്കാരവുമായി കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവിസുകളിൽ തിരക്ക് കൂടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ.
എന്നാൽ ഇങ്ങനെ ദിവസം നോക്കാതെ എപ്പോൾ തിരക്ക് കൂടുന്നവോ അപ്പോൾ നിരക്കുയർത്താനും യാത്രക്കാർ കുറയുമ്പോൾ നിരക്ക് താഴ്ത്താനുമുള്ള ‘ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍’ സംവിധാനമാണ് ഇനി മുതൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളിൽ ഏർപ്പെടുത്തുക. ഫലത്തിൽ ചില ഞായറാഴ്ചകളിൽ നിരക്ക് കുറയാം. എന്നാൽ ചില ചൊവ്വാഴ്ചകളിൽ നിരക്ക് കുത്തനെ ഉയരുകയും ചെയ്യാം. 2018ൽ തുടങ്ങിയ ഫ്ലക്സി സംവിധാനത്തിലാണ് ലാഭം മുന്നിൽ കണ്ടുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ നീക്കം.
ഒരോ ബസുകളിലെയും ബുക്കിങ് നിരീക്ഷിച്ചശേഷമാകും നിരക്ക് നിശ്ചയിക്കുക. ബുക്കിങ് അനുസരിച്ച് നിരക്ക് നിശ്ചയിക്കാനുള്ള സംവിധാനം കെ.എസ്.ആർ.ടി.സി കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഡിപ്പോകളില്‍ നിന്നുള്ള തത്സമയം വിവരങ്ങളും ഇവിടേക്ക് കൈമാറും. റിസർവേഷൻ സൗകര്യമുള്ള ബസിൽ ബുക്കിങ് കുറവാണെങ്കിൽ നിരക്ക് കുറക്കും. ബുക്കിങ് കൂടിയാൽ നിരക്ക് കൂടും.
ഇതിനുപുറമേ, സീസണുകൾ മുന്നിൽ കണ്ട് മൂന്നുമാസം മുമ്പേ നിരക്ക് വര്‍ധനയോ കുറവോ പ്രഖ്യാപിച്ചുള്ള നിലവിലെ സംവിധാനത്തിനും മാറ്റം വരികയാണ്. ഒരോ ദിവസത്തെയും തിരക്ക് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന സംവിധാനമാണ് പുതിയത്. ഇതോടെ ഓണം സീസണിലെ എല്ലാ ദിവസങ്ങളിലും ഇനി ഉയർന്ന നിരക്കായിരിക്കും എന്ന് പറയാനിവില്ല. എന്നാൽ തിരക്ക് കുറവെന്ന് കരുതുന്ന ഓഫ് സീസണിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുമാകില്ല.
ഫലത്തിൽ സീസണോ ദിവസമോ നോക്കാതെ തിരക്ക് നോക്കി ഏത് ദിവസവും നിരക്കുയർത്താനുള്ള സ്വാതന്ത്ര്യമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരിക്കുന്നത്. ഡൈനാമിക് ഫ്ലക്സി നിരക്കിലേക്ക് വന്നെങ്കിലും സ്വകാര്യബസുകൾ ഈടാക്കും പോലെ കൂറ്റൻ നിരക്കില്ല. തിരുവനന്തപുരം-ബംഗളൂരു യാത്രക്ക് സ്വകാര്യ ബസുകാര്‍ 5500 രൂപ ഈടാക്കിയ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി 2800 രൂപയാണ് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.