ഡ്രൈവർ മാത്രമുള്ള കെ.എസ്‌.ആർ.ടി.സി എൻഡ്‌ ടു എൻഡ്‌ ബസ്‌ സർവിസ്‌ തുടങ്ങി; തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്ക് 4.20 മണിക്കൂർ

കൊച്ചി: കണ്ടക്ടറില്ലാതെ ഡ്രൈവർമാത്രമുള്ള കെ.എസ്‌.ആർ.ടി.സി എൻഡ്‌ ടു എൻഡ്‌ ലോ ഫ്ലോർ ബസ്‌ സർവിസ്‌ ആരംഭിച്ചു. തിങ്കൾ രാവിലെ 5.20ന്‌ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെട്ട്‌ 9.40ന്‌ എറണാകുളത്ത്‌ എത്തി. തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്ക് 4.20 മണിക്കൂർ സമയമാണ് എടുത്തത്.

വൈകിട്ട്‌ 5.20ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്കുള്ള യാത്രയിൽ എല്ലാ സീറ്റുകളും ബുക്കിങ്ങായിരുന്നു. മടക്കയാത്രയിൽ ആളുകൾ കുറവായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വർധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെ.എസ്‌.ആർ.ടി.സി അധികൃതർ പറഞ്ഞു.

തിരുവനന്തപുരം ഡിപ്പോയിലെ എം.എസ്‌ അജിത്‌കുമാറായിരുന്നു ആദ്യദിവസത്തെ കണ്ടക്‌ടർ കം ഡ്രൈവർ. തിരുവനന്തപുരത്തും എറണാകുളത്തും സ്‌റ്റോപ്പുള്ള ഈ ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി എന്നിവിടങ്ങളില്‍ ഒരു മിനിറ്റുവീതം നിർത്തുന്ന ഫീഡർ സ്‌റ്റോപ്പുകളുണ്ട്‌. ഇവിടെ ഇറങ്ങുന്നവർക്ക്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പോകാൻ കെ.എസ്‌.ആർ.ടി.സിയുടെ ഫീഡർ ബസുകൾ ലഭിക്കും. ഫീഡർ സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക്‌ കയറാനും ഇറങ്ങാനും ആകുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും.

ഓൺലൈൻവഴിയാണ്‌ സീറ്റ്‌ ബുക്കിങ്. 419 രൂപയാണ്‌ നിരക്ക്‌. രണ്ട്‌ ഫെയർ സ്‌റ്റേജുകൾ ഏർപ്പെടുത്താൻ കെ.എസ്‌.ആർ.ടി.സി ഉദ്ദേശിക്കുന്നുണ്ട്‌. ഇതോടെ നിരക്കിൽ വ്യത്യാസമുണ്ടാകും. പൊതു അവധി ഒഴികെ എല്ലാ ദിവസവും സർവിസ്‌ ഉണ്ടാകും. 

Tags:    
News Summary - KSRTC starts driver-only end-to-end bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.