സാധാരണ യാത്രക്കാർക്കായാണ് കെ സ്വിഫ്റ്റ്; ഫലം കണ്ടുതുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി

സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് പുതിയ സംരംഭമായ കെ സ്വിഫ്റ്റെന്ന് കെ എസ് ആർ ടി സി. കെ സ്വിഫ്റ്റ് അവതരിപ്പിച്ചതിന്റെ ഫലം കണ്ടു തുടങ്ങിയെന്നും സ്വകാര്യ ടൂർ ഒാപറേറ്റർമാർ യാത്രാക്കുലി കുറക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ആർ ടി സി അവകാശപ്പെട്ടു.

ഏപ്രിൽ 11 നാണ് കെ സ്വിഫ്റ്റ് എന്ന പേരിൽ പുതിയ ബസ് സർവീസ് കെ എസ് ആർ ടി സി ആരംഭിച്ചത്. സ്വകാര്യ ബസുകളിലെയും കെ സ്വിഫ്റ്റ് സർവീസുകളിലെയും ദീർഘ ദൂര യാത്രാക്കൂലി താരതമ്യം ചെയ്ത് കഴിഞ്ഞ ദിവസം ​ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിന് ശേഷം സ്വകാര്യ ടൂർ ഒാപറേറ്റർമാർ വൻതോതിൽ യാത്രാക്കൂലി കുറക്കാൻ തയാറായെന്നാണ് കെ എസ് ആർ ടി സി അവകാശപ്പെടുന്നത്.

അന്തർ സംസ്ഥാന റൂട്ടുകളിൽ അവധി ദിനം പോലെ തിരക്കുള്ള സമയത്ത് കൂടിയ നിരക്കും തിരക്ക് കുറഞ്ഞ മറ്റു ദിവസങ്ങളിൽ മറ്റൊരു നിരക്കുമാണ് സ്വകാര്യ ടൂർ ഒാപറേറ്റർമാർ ഈടാക്കുന്നത്. എന്നാൽ, കെ സ്വിഫ്റ്റിൽ എപ്പോഴും ഒരു നിരക്കായിരിക്കും. കെ സ്വിഫ്റ്റ് സർവീസ് നടത്തുന്നതോടെ സ്വകാര്യ ബസ് ഒാപറേറ്റർമാരും അതേ രൂപത്തിൽ നിരക്ക് കുറക്കേണ്ടി വരുമെന്ന് കെ എസ് ആർ ടി സി പറയുന്നു. 

116 ബസുകളാണ് കെ സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്. ഇതിൽ 28 എണ്ണം എ.സി ബസുകളും 8 എണ്ണം എ.സി സ്ലീപ്പറുകളും 20 എണ്ണം എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

അതേസമയം, കെ സ്വിഫ്റ്റ് ബസുകൾ ഒാടിക്കുന്നത് വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഡ്രൈവർമാരാണെന്നും അതുകൊണ്ട് നിരന്തരം അപകടങ്ങളുണ്ടാകുന്നുവെന്നും കെ എസ് ആർ ടി സി ജീവനക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, കെ സ്വിഫ്റ്റിനെതിരായ പ്രചരണങ്ങൾക്ക് പിറകിൽ ഗൂഡാലോചനയുണ്ടെന്നും സ്വകാര്യ ബസ് ഒാപറേറ്റർമാരുടെ താൽപര്യങ്ങളാണ് പ്രവർത്തിക്കുന്നതെന്നും കെ എസ് ആർ ടി സി ആരോപിക്കുന്നു. 

Tags:    
News Summary - ksrtc says, k swift will be a game changer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.