മലപ്പുറം: പ്രിയദർശിനി സർവിസിലൂടെ സ്വകാര്യ ടിക്കറ്റ് ഏജൻസിയിലേക്ക് ഒഴുകുന്നത് ലക്ഷങ്ങൾ. സ്ത്രീയാത്രക്കാർക്ക് സൗജന്യയാത്ര അനുവദിക്കുന്ന ഈ സർവിസ് വഴി പണമൊന്നും ലഭിക്കുന്നില്ലെങ്കിലും ടിക്കറ്റ് ഏജൻസിയിലേക്ക് ലക്ഷങ്ങൾ നൽകേണ്ടുന്ന സ്ഥിതിയിലാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് മെഷീൻ കൈകാര്യം ചെയ്യുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ചലോ’ ട്രാൻസ്പോർട്ട് ഐ.ടി കമ്പനിയാണ്. ഓരോ ടിക്കറ്റിനും നിശ്ചിത പൈസ വീതം നൽകുന്ന ‘ട്രാൻസാക്ഷൻ ഫീ’ മാതൃകയിലാണ് കമ്പനിയുമായുള്ള കെ.എസ്.ആർ.ടി.സിയുടെ കരാർ. സ്മാർട്ട് ആൻഡ്രോയിഡ് മെഷീൻ വഴിയും ചലോ കാർഡ് വഴിയും വിറ്റഴിക്കുന്ന ഓരോ ടിക്കറ്റിനും 13 പൈസ വീതമാണ് കെ.എസ്.ആർ.ടി.സി ‘ചലോ’ ഏജൻസിക്ക് നൽകേണ്ടത്.
ജൂണിലെ യാത്രക്കാരുടെ മൊത്തം കണക്ക് കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പദ്ധതി ആരംഭിച്ച ആദ്യ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ജൂൺ 15ന് ഏകദേശം 7.14 ലക്ഷത്തിലധികം സ്ത്രീകൾ പ്രിയദർശിനി പദ്ധതി വഴി സൗജന്യയാത്ര നടത്തി. രണ്ടാം ദിവസം സ്ത്രീ യാത്രക്കാരുടെ എണ്ണം 11.84 ലക്ഷമായി ഉയർന്നു. അന്നേദിവസം ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത ആകെ യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. പദ്ധതി ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം ശരാശരി അഞ്ച് ലക്ഷത്തോളം പേരുടെ വർധനയുണ്ടായതായി ഗതാഗത മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ലഭ്യമായ കണക്കു പ്രകാരം ജൂൺ 15 മുതൽ 30 വരെ പ്രതിദിനം ശരാശരി പത്ത് ലക്ഷത്തോളം സ്ത്രീകൾ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തിട്ടുണ്ട്. അതായത് ഒന്നര കോടിയോളം സ്ത്രീകൾ പദ്ധതിയിലൂടെ യാത്ര നടത്തി. ഇവർക്കുള്ള സൗജന്യ ടിക്കറ്റിന് 13 പൈസ പ്രകാരം 15 ദിവസം കൊണ്ടുതന്നെ 19.5 ലക്ഷം രൂപ കെ.എസ്.ആർ.ടി.സി ടിക്കറ്റ് മെഷീൻ കമ്പനിക്ക് നൽകേണ്ടി വരും. തുക പൂജ്യം ആണെങ്കിലും ടിക്കറ്റ് നൽകേണ്ടി വരുന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.