ദിവസം 1.50 ലക്ഷം കൊടുത്ത് സർക്കാർ പറയുന്നപോലെ സമരം ചെയ്യാൻ എസ്.എഫ.ഐ ഇല്ല -ആദർശ് എം. സജി; ‘എവിടെയാണോ തീരുമാനിച്ചത് അവിടെ തന്നെ ഞങ്ങൾ സമരം ചെയ്യും
ന്യൂഡൽഹി: ജന്തർ മന്തറിന് പകരം രാംലീല മൈതാനിയിൽ ദിവസം ഒന്നര ലക്ഷം രൂപ കൊടുത്ത് സമരം ചെയ്യാൻ തങ്ങളില്ലെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി. ആ നിലയിലുള്ള ഒരു ഔദാര്യം സർക്കാരിൽ നിന്ന് വേണ്ടെന്നും തങ്ങൾ എവിടെയാണോ സമരം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത് അവിടെ തന്നെ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘രാംലീല മൈതാനിയിൽ ഒന്നര ലക്ഷം രൂപ കൊടുത്തിട്ടാണ് സമരം ചെയ്യേണ്ടത്. അതും അവർ പറയുന്ന രീതിയിൽ. സർക്കാർ ഏത് ദിവസമാണോ അനുവദിക്കുന്നത് ആ ദിവസം മാത്രമേ സമരം ചെയ്യാൻ പറ്റൂ. വരുന്ന രണ്ടു മാസത്തേക്ക് സമരം അനുവദിച്ചിട്ടേ ഇല്ല. കാരണം, അതുമുഴുവൻ ഇപ്പോൾ തന്നെ ബുക്കിങ് ആയി. ഒന്നര ലക്ഷം രൂപ കൊടുത്ത് സർക്കാർ പറയുന്ന ദിവസം സമരം ചെയ്യാൻ ഞങ്ങൾ തയ്യാറല്ല. അത് ആ നിലയിലുള്ള ഒരു ഔദാര്യം സർക്കാരിൽ നിന്ന് വേണ്ട. ഞങ്ങൾ എവിടെയാണോ സമരം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത് അവിടെ തന്നെ ഞങ്ങൾ സമരം ചെയ്യും. കൊണാട്ട് പ്ലേസിൽ ഞങ്ങൾ സമരം ചെയ്തു. ഫിറോസ് ഷാ റോഡിൽ സമരം ചെയ്തു. ജന്തർ മന്തറിന് മുന്നിൽ സമരം ചെയ്തു. ഈ നിലയിൽ തന്നെ ആ സമരങ്ങൾ ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നടപടികളുമായിട്ടാണ് ഇന്നത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ മുന്നോട്ടു പോകുന്നത്. അതിനെതിരെ വലിയ സമരങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്താകമാനം നടക്കുന്നത്. എല്ലാ സമരത്തെയും അടിച്ചമർത്തുന്നതിനു വേണ്ടി പതിനായിരത്തിലധികം കേന്ദ്രസേനയാണ് ഇപ്പോൾ ഡൽഹിയിൽ ഉള്ളത്. ഒരു സമരവും ഡൽഹിയിൽ അനുവദിക്കില്ല എന്ന് പറഞ്ഞിടത്താണ് ഈ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ നൂറുകണക്കിന് സമരങ്ങൾ നടന്നത്.
5000ത്തിലധികം വരുന്ന വിദ്യാർഥി -യുവജനങ്ങളെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് നടക്കുമ്പോഴും പൊലീസ് കിരാതമായി സമരക്കാരെ വേട്ടയാടിയപ്പോഴും ഒരിഞ്ച് പിന്നോട്ട് പോകാതെ സമരം തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു വിദ്യാർഥി സംഘടനകളുമായി എല്ലാം സഹകരിച്ചുകൊണ്ട് ഗ്യാനേഷ് കുമാറിന്റെ രാജി വരെ ഈ സമരം ശക്തമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ തീരുമാനം. സഹകരിക്കാൻ പറ്റുന്ന എല്ലാ വിദ്യാർത്ഥി യുവജന പൗരപ്രമുഖരുമായും സഹകരിക്കും. ഒരു ദിവസം രാവിലെ ആരംഭിച്ച് വൈകീട്ട് അവസാനിക്കുന്നതിനപ്പുറം ഈ സമരത്തെ ഒരു മൂവ്മെന്റ് ആയി കൊണ്ടുപോകും.
കഴിഞ്ഞ ജന്തർ മന്തർ സമരം നമുക്ക് നല്ല അനുഭവമാണ്. അത് നൽകിയ സന്ദേശമുണ്ട്. ഒറ്റക്കെട്ടായി രാജ്യമാകമാനം തന്നെ മുന്നോട്ടുവന്നപ്പോൾ ഇന്ത്യൻ ഹിറ്റ്ലറിന്റെ ഏറ്റവും പ്രധാനപ്പെട്ട അനുയായിയായ ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ടി വന്നു. ആ നിലയിൽ വിശാലമായ കാഴ്ചപ്പാടോടുകൂടി ഈ സമരം മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.
ഇടത് വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മ ശക്തമായി തന്നെ നടക്കുന്നുണ്ട്. ഈ വിദ്യാർഥി സംഘടനകളുടെ യോഗം എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഒരു തവണ വിളിച്ചു ചേർത്തു. രണ്ടാമത് സിജെപി ഭാരവാഹികളോടൊപ്പം ഇവരെല്ലാവരും വിളിച്ചു ചേർത്തു. ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെ അടക്കം ഇതിന്റെ ഭാഗമായി കൊണ്ടുവരാനുള്ള ഇടപെടൽ നടത്തുന്നുണ്ട്.
അതത് വിദ്യാർത്ഥി സംഘടനകൾക്ക് അതിന്റേതായ നിലപാടുകൾ എടുക്കാം. അതോടൊപ്പം തന്നെ ഞങ്ങൾ ആഗ്രഹിക്കുന്നത് മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും യുവജന സംഘടനകളെയും ഒരുമിച്ചു കൊണ്ടുവരാനാണ്. വരും ദിവസങ്ങളിൽ മുഴുവൻ വിദ്യാർത്ഥി യുവജന സംഘടനകളുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഈ പ്ലാറ്റ്ഫോമിൽ കൊണ്ടുവരും.
ആരാണ് വലുത് എന്ന് തെളിയിക്കുന്നതിനു വേണ്ടിയുള്ള സമരമല്ല നമ്മൾ ഇവിടെ നടത്തുന്നത്. തെരഞ്ഞെടുപ്പ് മാനിപുലേഷനിലൂടെയാണ് ഇന്ത്യൻ ഹിറ്റ്ലർ ആയ നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ കസേര നേടിയെടുത്തത്. അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി വിശാല സഖ്യം ഉണ്ടാകും. അതിന് വേണ്ടിയിട്ടുള്ള എല്ലാ പരിശ്രമങ്ങളും എല്ലാ വിദ്യാർത്ഥി സംഘടനകളുമായി സഹകരിപ്പിച്ച് നടത്തും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.