മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈകോടതി ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ

തിരുവനന്തപുരം: സി.എം.ആര്‍.എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈകോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിജിലൻസ് എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. 

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുമ്പാകെ ആവശ്യപ്പെട്ടു. ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിർബന്ധിത നടപടികൾ നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ദസറ അവധിക്കുശേഷം ഒക്ടോബർ 26 അല്ലെങ്കിൽ 27ന് കേസ് പരിഗണനയ്ക്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം അഭിഭാഷകൻ ആവർത്തിച്ചതോടെ, ജഡ്ജിമാരുടെ ലഭ്യത അനുസരിച്ച് അവധിക്കാലത്ത് പ്രത്യേക ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യുന്നത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പൊതുതാൽപര്യ ഹരജിയുടെ സ്വഭാവത്തിലുള്ള റിട്ട് ഹരജിയിലാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടതെന്നും, പൊതുതാൽപര്യ ഹരജികൾ പരിഗണിക്കാനുള്ള ചുമതല ആ ബെഞ്ചിനുണ്ടായിരുന്നില്ലെന്നും ലൂത്ര വാദിച്ചു. പ്രതിഭാഗത്തെ കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും അപ്പീൽ നൽകാനുള്ള അനുമതി ഡിവിഷൻ ബെഞ്ച് നിഷേധിച്ചെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെയാണ് ഹൈകോടതിയിൽ തിരിച്ചടി നേരിട്ടത്. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. 

ഇ.ഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസ് എടുക്കാൻ നിർദേശിച്ച സിംഗ്ൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈകോടതിയെ സമീപിച്ചത്. കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗ്ൾ ബെഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളിയത്.

കേസ് എടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്‍റെ ഉത്തരവ് പ്രതികളുടെ നിയമപരമോ ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എൽ.എ നിയമത്തിൽ 66(2) പ്രകാരമുള്ള വിവരങ്ങളോടൊപ്പം കുറ്റകൃത്യം സൂചിപ്പിക്കുന്ന തെളിവുകളുമുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല, സർക്കാർ നിലപാട് തള്ളിയാണ് ഇക്കാര്യം കോടതി സൂചിപ്പിച്ചത്. അഴിമതി കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് പ്രതികളുടെ ഭാഗം കേൾക്കണമെന്നതും പ്രാഥമിക അന്വേഷണം വേണമെന്നതും പ്രതികൾക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

അതേസമയം കോടതി വിധി അനുകൂലമായ പശ്ചാത്തലത്തിൽ കേസിലെ നടപടികൾ വേഗത്തിലാക്കാനാണ് ഇ.ഡിയുടെ ആലോചന. നിലവിൽ പിണറായി വിജയനെയും റിയാസിനെയും ഒന്നാം പ്രതിയാക്കി രണ്ട് ഇസി.ഐ.ആർ‍ ആണ് ഇ.ഡി ഇന്നലെ രജിസ്റ്റർ ചെയ്തത്. കേസിൽ നോട്ടീസ് നൽകി ചോദ്യം ചെയ്യലടക്കമുള്ള നചപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    
News Summary - Pinarayi Vijayan Moves Supreme Court Against Kerala HC Direction For FIR In CMRL-Exalogic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.