തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി രാത്രികാല സർവിസുകൾ മുഴുവൻ തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുന്ന ‘ഫ്ലക്സി’ സംവിധാനത്തിലേക്ക് മാറ്റാൻ നീക്കം. കെ.എസ്.ആർ.ടി.സിയുടെ സമഗ്ര നവീകരണത്തിനായി ശിപാർശകൾ സമർപ്പിച്ച പ്രഫ. സുശീൽഖന്ന റിപ്പോർട്ടിെൻറ മറപിടിച്ചാണ് നടപടി. സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവിസുകളാണ് ഫ്ലക്സി നിരക്കിെൻറ പരിഗണനയിലുള്ളത്. ബംഗളൂരുവിലേക്കടക്കമുള്ള ദീർഘദൂര സർവിസുകളിൽ നിലവിൽ ഫ്ലക്സി നിരക്കാണുള്ളത്. കഴിഞ്ഞ മാസം ഏതാനും അന്തർ സംസ്ഥാന സർവിസുകളിൽകൂടി പുതിയ നിരക്ക് രീതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിനുള്ളിലെയടക്കം മുഴുവൻ രാത്രി സർവിസിലേക്കും ‘പൊള്ളുംനിരക്ക്’ വ്യാപിപ്പിക്കാൻ ആലോചന. തിരക്കുള്ള സമയങ്ങളിൽ 10 ശതമാനം വരെ നിരക്ക് വർധിപ്പിക്കാമെന്നതാണ് പ്രത്യേകത. തിരക്ക് കുറവുള്ള ദിവസങ്ങളിൽ നിരക്കും കുറയും.
എന്നാൽ, രാത്രി ഒമ്പതിനുശേഷം കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് സർവിസുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിലെ തിരക്കിനനുസരിച്ചുള്ള നിരക്ക് മാറ്റം എന്നത് മുഴുവൻ ദിവസങ്ങളിലും വർധന മാത്രമായിരിക്കും. ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി അല്ലാെത മറ്റ് യാത്ര മാർഗങ്ങളുമില്ല, വിശേഷിച്ചും രാത്രി. രാത്രി ഒമ്പതിനുശേഷം സൂപ്പർ ഫാസ്റ്റിന് മുതൽ മുകളിലേക്കുള്ള സർവിസുകളേ നിരത്തിലുണ്ടാകൂ.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഫ്ലക്സി നിരക്കിന് കാരണമായി പറയുന്നത്. സുശീൽഖന്നയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഘട്ടത്തിൽ ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംവിധാനം പ്രാബല്യത്തിലായാൽ രാത്രിയാത്രക്ക് ചെലവേറും. നിരക്ക് വർധിപ്പിക്കാതെ അതേസമയം ചാർജ് വർധനയുടെ ഗുണമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുക.പുറമെ ഒാർഡിനറി സർവിസുകളിൽനിന്ന് ക്രമേണ പിന്മാറാനും സൂപ്പർ ക്ലാസ് സർവിസുകളിൽ ഒാപറേഷൻ കേന്ദ്രീകരിക്കാനും തത്ത്വത്തിൽ ധാരണയായതായും സൂചനയുണ്ട്. സ്റ്റേ സർവിസുകളിൽനിന്നും സാമൂഹിക പ്രതിബന്ധതയുള്ള സർവിസുകളിൽനിന്നും കെ.എസ്.ആർ.ടിസി പിന്മാറിയത് ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.